കേരളം
നാലിൽ മൂന്ന് ദിവസവും ബിവറേജ് തുറക്കില്ല, രണ്ട് നാൾ ബാറും
ഓണക്കാലം പലപ്പോഴും കേരളത്തിൽ റെക്കോർഡ് കുടിയുടെ കൂടി കാലമാണ്. ഓണം സീസണിലെ കുടിയുടെ കണക്ക് വർഷാവർഷം കൂടിക്കൂടി വരുന്നതും നമുക്ക് അറിയാം. ഇക്കുറി ഉത്രാടം ദിനത്തിലെ കണക്കുകളും ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. ഇരിങ്ങാലക്കുടയാണ് കുടി കാര്യത്തിൽ ഇക്കുറി റെക്കോർഡിട്ടതെന്ന് ഏവരും അറിഞ്ഞുകാണും. എന്നാൽ കുടിയന്മാർക്ക് നിരാശ നൽകുന്ന മറ്റൊരു വാർത്തയും ബെവ്കോയിൽ നിന്നുണ്ട്. ഇന്നടക്കം നാല് ദിവസത്തിൽ മൂന്ന് ദിവസവും ബെവ്കോ തുറക്കില്ലെന്നതാണ് കുടിയന്മാരെ നിരാശരാക്കുന്ന ആ വാർത്ത. ബെവ്കോ മാത്രമല്ല, ഈ നാല് ദിവസത്തിൽ ബാറും രണ്ട് ദിവസം തുറക്കില്ലെന്ന് കൂടി ഏവരും അറിഞ്ഞിരിക്കുക.
തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളിൽ ആണ് ഓണക്കാലത്ത് സാധാരണ ഗതിയിൽ ബെവ്കോ അവധിയായിരിക്കുക. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാത്തത്. നാലാം ഓണം ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. അതിനിടയിൽ ഇക്കുറി ഒന്നാം തിയതി കൂടി ഓണക്കാലത്തിനിടയിൽ ആയതുകൊണ്ടാണ് മൂന്ന് ദിവസം ബെവ്കോ തുറക്കാത്തത്. ഇതിൽ 31 -ാം തിയതി നാലാം ഓണത്തിനും ഒന്നാം തിയതിയും ബാറും തുറക്കില്ല. തിരുവോണത്തിന് ബാറുകൾ തുറന്ന് പ്രവർത്തിക്കുകയാണ്. നാളെ അവിട്ടം ദിനത്തിൽ ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും. 31, 1 തിയതികൾ ഡ്രൈ ഡേ ആയതിനാൽ സംസ്ഥാനത്ത് തുള്ളി മദ്യം കിട്ടില്ലെന്നതിനാൽ നാളെ ബിവറേജിലും ബാറിലും നല്ല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഉത്സവ സീസണില്‍ റെക്കോഡ് മദ്യവില്‍പ്പനയാണ് പതിവ്. മദ്യം വാങ്ങാന്‍ ഔട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് – ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്‌കോ നിര്‍ദേശിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം. വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാന്‍ പാടില്ല. വില്‍പ്പനയില്ലാതെ ഔട്ട് ലെറ്റുകളില്‍ ഏതെങ്കിലും ബ്രാന്റ് കെട്ടികിടക്കുന്നുണ്ടെങ്കില്‍, വില്‍പന തീയതി കഴിഞ്ഞവയല്ലെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂയെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.