കേരളം
തിരുവോണ ദിവസവും ജോലി; ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ഓണസമ്മാനങ്ങള്‍ നല്‍കി മന്ത്രി
തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും ജനറല്‍ ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും നല്‍കിയാണ് മന്ത്രി മടങ്ങിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ മന്ത്രി വീണാ ജോർജിനൊപ്പം ഉണ്ടായിരുന്നു
അനാഥര്‍ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി വീണാ ജോർജ് സന്ദര്‍ശനം നടത്തി. അവര്‍ക്കും മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവര്‍ക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു. അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടല്‍ നടത്തി. 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ അന്ന് കഴിഞ്ഞിരുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. സാമൂഹ്യനീതി വകുപ്പും പുനരധിവാസം ഏറ്റെടുത്തിരുന്നു. നിലവില്‍ 69 പേരാണ് ജനറല്‍ ആശുപത്രിയില്‍ പുനരധിവാസം കാത്ത് കഴിയുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
ഓണ ദിവസം കുടുംബങ്ങള്‍ക്കൊപ്പം കഴിയാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. അവധിയില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനാണ് മന്ത്രി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.