കേരളം
കഴിഞ്ഞ തവണ മനസ് കൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ജയ്ക്കിനെ ഇത്തവണ ഹൃദയംകൊണ്ടുകൂടി ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് എ എം ആരിഫ് എംപി
പുതുപ്പള്ളിക്കാർ കഴിഞ്ഞ തവണ മനസ് കൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ജയ്ക്കിനെ ഇത്തവണ ഹൃദയംകൊണ്ടുകൂടി ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് എ എം ആരിഫ് എംപി. പുതുപ്പള്ളിയുടെ വികസനം ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ജയ്ക്കിന്റെ വിജയം ആഗ്രഹിച്ചേ പറ്റൂ. ഉമ്മൻചാണ്ടി സാറിനേയും ജയ്ക്കിനേയും ഒരേപോലെ ഇഷ്ടപ്പെട്ട മണ്ഡലമാണ് പുതുപ്പള്ളി. അതുകൊണ്ടാണ് ഉമ്മൻചാണ്ടി സാറും ജയ്ക്കും തമ്മിലുള്ള തെരഞ്ഞെടുപ്പ് മത്സരത്തിൽ, പുതുപ്പള്ളി വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ അന്ന് ഉമ്മൻചാണ്ടി സാറിനെ വിജയിപ്പിച്ചത്.
യഥാർത്ഥത്തിൽ അന്നുമുതൽക്കു തന്നെ, ഉമ്മൻചാണ്ടി സാറിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട്, പുതുപ്പള്ളി ജയ്ക്കിനെ സ്നേഹിച്ചു തുടങ്ങി എന്നതിന്റെ ഉത്തമ ലക്ഷണമാണത്. അതോടൊപ്പം വികസനകാര്യത്തിൽ ഉമ്മൻചാണ്ടി സാർ തന്റെ മണ്ഡലത്തെ കുറച്ച് കൂടി ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ആ കുറഞ്ഞ ഭൂരിപക്ഷം. അപ്പോഴും പുതുപ്പള്ളി ഹൃദയത്തിന്റെ രണ്ടറകളിൽ ഒന്നിൽ ജയ്ക്കിനേയും മറ്റൊന്നിൽ ഉമ്മൻചാണ്ടി സാറിനേയും ഒരേ പോലെ സൂക്ഷിക്കുന്നു എന്ന് കരുതാവുന്ന ഒരു വിധിയെഴുത്തായിരുന്നു അത്.
എന്നാൽ ഉമ്മൻചാണ്ടി സാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനെ മുൻനിർത്തി, യാതൊരു വികസനവും മുന്നോട്ട് വെയ്ക്കാതെ, അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും വോട്ടാക്കി മാറ്റാൻ പറ്റുമോ എന്നാണ് യുഡിഎഫും കോൺഗ്രസും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ആരിഫ് ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻചാണ്ടി സാറിന്റെ അതേ പാത തുടരും എന്നാണ് യുഡിഎഫ് സ്ഥാനാർഥി പറയുന്നതെങ്കിൽ, പുതുപ്പള്ളിക്കാർക്ക് ജയ്ക്കിനെ സ്വീകരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.
ഉമ്മൻചാണ്ടി സാർ മറ്റ് തിരക്കുകൾക്കിടയിൽ തന്റെ മണ്ഡലമായ പുതുപ്പള്ളിയുടെ വികസനവും പരിപാലനവും മറന്നുപോകരുതായിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർഥി അദ്ദേഹം മറന്നുപോയ വികസനകാര്യങ്ങൾ പരിഹരിക്കും എന്നല്ല പറയുന്നത്, ആ പാത പിന്തുടരും എന്നാണ്. അതിന്റെ അർത്ഥം പുതുപ്പള്ളിയുടെ വികസനകാര്യത്തിൽ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് യാതൊരുവിധ അറിവും അതിലുപരി അതിൽ യാതൊരു താത്പര്യവുമില്ല എന്നത് പകൽ പോലെ വ്യക്തമാകുകയാണ്. അതുകൊണ്ട് തന്നെ ഇക്കുറി ജയ്ക്കിന് ഒരവസരം കൊടുത്ത്, ജയ്ക്ക് അത് തങ്ങളുടെ മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി വിനിയോഗിക്കുന്നത് അഭിമാനത്തോടെ അനുഭവിച്ചറിയാൻ പുതുപ്പള്ളിക്കാർക്ക് ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും ആരിഫ് പറഞ്ഞു.