കേരളം
വ്യാജമദ്യ വേട്ടയ്ക്ക് ഇടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനിച്ചയുടെ കുത്തേറ്റു
വ്യാജമദ്യ വേട്ടയ്ക്ക് ഇടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനിച്ചയുടെ കുത്തേറ്റു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കരുനാഗപ്പള്ളി ആയിരം തെങ്ങു ഭാഗത്തു ചാരായം വാറ്റാൻ ഉള്ള കോട സൂക്ഷിക്കുന്നതായിയുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനീച്ച കുത്തേറ്റത് . ഉദ്യോഗസ്ഥർ ഓടി മാറിയെങ്കിലും രക്ഷയുണ്ടായില്ല. ഗുരുതരമായി പരിക്കേറ്റ
സിവിൽ എക്‌സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്, പി ഒ അനിൽ കുമാർ എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയിൽ നിന്ന് ചാരായം വാറ്റാൻ തയ്യാറാക്കിയ 175 ലിറ്റർ കോട എക്‌സൈസ് കണ്ടെത്തി കേസെടുത്തിരുന്നു.വീണ്ടും ഈ സ്ഥലത്ത് കോട സംഭരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം. സംഭവസ്ഥലത്ത് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റോബർട്ട് കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉദയകുമാർ , എന്നിവരുടെ അടങ്ങുന്ന സംഘം സന്ദർശിച്ചു. ഓണക്കാലത്ത് വ്യാജ മദ്യ വിവരണം തടയുന്നതിനും മറ്റും എക്‌സൈസ് കർശന നടപടി സ്വീകരിച്ചു തുടരുകയാണ്.