കേരളം
വാറണ്ട് നല്കാന് പ്രതിയുടെ വീട്ടിലെത്തി എക്സൈസ് സംഘം; ഓണസമ്മാനം നല്കി മടങ്ങി
വാറണ്ട് നല്കാന് പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഓണസമ്മാനം നല്കി മടങ്ങി. വാമനപുരം റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പെരിങ്ങല വില്ലേജിലെ ഇലവുപാലം സ്വദേശി ബിജുവിന്റെ വീട്ടിലെത്തിയ എക്സൈസ് സംഘമാണ് വാറണ്ടിന് പകരം ഒരു മാസത്തേക്ക് ആവശ്യമായ വീട്ടു സാധനങ്ങളും പച്ചക്കറികളും പണവും മകന് നോട്ട് ബുക്കുകളും കൈമാറിയത്.
ലോറിയില്‍ തടി കയറ്റുന്നതിനിടെ താഴെവീണ് തലയ്ക്കു പരിക്കേറ്റ് സംസാരശേഷിയും ഓര്‍മ്മശക്തിയും നഷ്ടപ്പെട്ട് കിടക്കുകയായിരുന്നു ബിജു. 2018 ലാണ് സംഭവം. തുടര്‍ന്ന് കുടുംബം പ്രതിസന്ധിയിലായി. ബിജുവിന്റെ ഭാര്യയും നടക്കാന്‍ ബുദ്ധിമുട്ടുള്ളയാളായതിനാല് കുടുംബത്തിന്റെ വരുമാനം നിലച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യം കണ്ട്, പ്രിവന്റീവ് ഓഫീസര്‍ ബിജുലാലും സംഘവും വിവരം ഓഫീസില്‍ അറിയിക്കുകയും വാമനപുരം ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് സഹായം നല്‍കാനും തീരുമാനിക്കുകയായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹനകുമാറിന്റെ അഭ്യര്‍ത്ഥനപ്രകാരം പാലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷന് ധനസഹായവും, വാര്‍ഡ് മെമ്പര്‍ ഗീത പ്രജി വസ്ത്രങ്ങളും, മറ്റും എത്തിച്ചു നല്കി. വരും മാസങ്ങളിലും കുടുംബത്തിന് വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കാമെന്ന് വാര്‍ഡ് മെമ്പറും ഇലവുപാലത്തുള്ള പൗരസമിതിക്കാര് അറിയിച്ചിട്ടുണ്ട്