കേരളം
സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം
സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബഞ്ചിന്റേതാണ് നിർദ്ദേശം . ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.ജില്ലാ കലക്ടറോടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാം.ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നല്കി.
ചിന്നക്കനാലിൽ മാത്യു കുഴൽ നാടൻ ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആക്ഷേപം ഉന്നയിക്കുന്ന സിപിഎം ശാന്തൻപാറയിൽ അതേ ചട്ടം ലംഘിച്ചാണ് ബഹുനില കെട്ടിടം പണിയുന്നത്. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാതെ പണിതതിനെ തുടര്ന്ന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പണികൾ ധൃതഗതിയിൽ പുരോഗമിക്കുന്നത്.
മൂന്നാർ തേക്കടി സംസ്ഥാന പാതക്കരികിൽ ശാന്തൻപാറ ടൗണിലാണ് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് പണിയുന്നത്. മൂന്നു നിലകളുള്ള കെട്ടിടമാണിത്. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിന്റെ പേരിലുള്ള എട്ടു സെൻറ് സ്ഥലത്താണ് നിർമ്മാണം. നിലവിലുണ്ടായിരുന്ന ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിയുന്നത്. ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളിൽ വീട് നിർമ്മിക്കുന്നതിന് പോലും റവന്യു വകുപ്പിന്റെ എൻ ഒ സി വാങ്ങണമെന്നാണ് നിയമം. എന്നാൽ എൻഒസി വാങ്ങാത്തതിനെ തുടർന്ന് കഴിഞ്ഞ നവംബർ 25 ന് ശാന്തൻപാറ വില്ലേജ് ഓഫീസർ സിപിഎം ജില്ല സെക്രട്ടക്ക് സ്റ്റോപ്പ് മെമ്മോ നൽകി. തുടർ നടപടികൾക്കായി റിപ്പോർട്ട് ഉടുമ്പൻചോല തഹസിൽദാർക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഒൻപതു മാസമായി നടക്കുന്ന നിയമലംഘനത്തിന് തുടർ നടപടിയൊന്നുമെടുത്തില്ല. ഉണ്ടായിരുന്ന കെട്ടിടത്തിന് കൂട്ടിച്ചേർക്കലുകൾ വരുത്തുകയാണെന്നാണ് സിപിഎം വിശദീകരണം.