കേരളം
കോഴിക്കോട് പാലേരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
കോഴിക്കോട് പാലേരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദ്ദനമേറ്റത്. അധ്യാപകനായ പ്രണവിനെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കി.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഇതില്‍ മുഹമ്മദ് സിനാന്‍ അടങ്ങിയ മയൂരം ഗ്രൂപ്പിന്‍റെ ചുമതല അധ്യാപകനായ പ്രണവിനാണ് നല്‍കിയിരുന്നത്. പ്രണവ് വൈകിട്ട് ക്ലാസ് റൂമിലെത്തിയപ്പോള്‍ കുട്ടി അസഭ്യം പറഞ്ഞെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മറ്റ് അധ്യാപകരെത്തി അധ്യാപകനെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.
വയറിനും കൈക്കും പരിക്കേറ്റതിനാല്‍ അന്ന് തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കുട്ടി ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.