കേരളം
സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ
കൊച്ചിയിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി ചെമ്പുമുക്ക് അസ്സീസി സ്കൂളിലെ വിദ്യാർത്ഥിയെയാണ് പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മർദിച്ചത്. സംഘം ചേർന്നാണ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്നു കുട്ടിയുടെ അച്ഛൻ ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ നെഞ്ചിലും വയറിലുമാണ് പരിക്ക്. അതേ സമയം ഉന്തും തള്ളും മാത്രമാണ് നടന്നതെന്ന് സ്കൂൾ അധികൃതരുടെ പ്രതികരണം. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
”വയറിനും നെഞ്ചിനും വേദനയുണ്ടെന്നാണ് മകൻ പറഞ്ഞത്. ഐസിയുവിൽ നിന്ന് ഇതുവരെ മാറ്റിയിട്ടില്ല. എന്നോട് മിനിയാന്ന് വന്ന് പറഞ്ഞു, സ്പോർട്സുമായി ബന്ധപ്പെട്ട് സീനിയേഴ്സുമായി എന്തോ പ്രശ്നമുണ്ടെന്ന് ഇന്നലെ എന്നോട് പറഞ്ഞിരുന്നു. സ്കൂളല്ലേ ടീച്ചർമാർ നോക്കിക്കൊള്ളുമെന്ന് ഞാൻ പറഞ്ഞു. പക്ഷേ ഇന്നലെ സ്കൂളിൽ നിന്ന് വിളിച്ചിട്ട് പറഞ്ഞത്, മോനെ സീനിയേഴ്സ് ചേർന്ന് ഇടിച്ചു. ചോര ഛർദ്ദിച്ചിട്ടുണ്ട്.
പെട്ടെന്ന് ആശുപത്രിയിലേക്ക് വരണമെന്ന് പറഞ്ഞ് വിളിച്ചു. വയറിനും മൂത്രമൊഴിക്കുമ്പോഴും വേദനയുണ്ട് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പരാതി എഴുതി നൽകിയിട്ടില്ല. ആശുപത്രിയിൽ നിന്നും വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരും അന്വേഷിക്കാനായി വന്നിട്ടില്ല. അഞ്ച് കുട്ടികളെ സസ്പെൻഡ് ചെയ്തു എന്നാണ് അധ്യാപകർ പറഞ്ഞത്. ഇങ്ങനെ സംഭവിച്ചതിൽ ഞാനും ഷോക്കായിരിക്കുകയാണ്. സിനിമയിലൊക്കെ ഗുണ്ടകൾ കാണിക്കുന്നത് പോലെ പിടിച്ചു വച്ച് ഇടിച്ചു എന്നാണ് പറയുന്നത്.” കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.