കേരളം
പ്ലസ് വണ്‍ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിന് നാളെ അപേക്ഷിക്കാം.
നിലവില്‍ പ്രവേശനം നേടിയവര്‍ക്കും വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോണ്‍-ജോയിനിങ് ആയവര്‍ക്കും അപേക്ഷിക്കാനാവില്ല.
നിലവിലുളള ഒഴിവ് www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ 12ന് രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം.
അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം.
വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന സാധുതയുളള അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നവംബര്‍ 13ന് രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും.
കാന്‍ഡിഡേറ്റ് ലോഗിനിലെ Candidates’s Rank Report എന്ന ലിങ്കിലൂടെ അഡ്മിഷന്‍ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള സ്‌കൂള്‍/കോഴ്‌സ്, മനസ്സിലാക്കി അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ നവംബര്‍ 13ന് രാവിലെ പത്ത് മുതല്‍ 12 മണിക്കു മുന്‍പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ യഥാരത്ഥ രേഖകളും ഫീസുമായി എത്തണം.