കേരളം
കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കാണുന്നത് വിവേചനപരം; കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നുവെന്ന് മുഖ്യമന്ത്രി
കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കരുതുന്നത് വിവേചന പരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയണ്. കിഫ്ബി മുഖേനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളില്‍ നിഷേധാത്മകസമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സമീപനം തടസമാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു
50,000 കോടിയുടെ പശ്ചാത്തല വികസനപദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുകയെന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്ത് വന്‍കിട അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി വിവിധ മേഖലകളിലെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ 904 പദ്ധതികള്‍ക്കായി 2021 മെയ് വരെ 65,363 കോടി 11 ലക്ഷം രൂപയാണ് കിഫ്ബി മുഖാന്തരം അനുമതി നല്‍കിയിട്ടുള്ളത്. ഏകദേശം ഏഴായിരം കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ അഭാവം, അസംസ്‌കൃവസ്തുക്കളുടെ ലഭ്യതക്കുറവ് എന്നീ കാരണങ്ങളാല്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിര്‍മ്മാണത്തില്‍ താമസം വന്നെങ്കിലും കിഫ്ബി മുഖാന്തരമുള്ള പദ്ധതികളുടെ നിര്‍വഹണം ഒരു പരിധിവരെ നടത്താന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനും സാമൂഹിക പശ്ചാത്തലത്തിന്റെ മുഖച്ഛായ മാറ്റാനും കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി 334 കോടിരൂപയാണ് ചെലവഴിച്ചത് വിദ്യാഭ്യാസ മേഖലയില്‍ വന്‍പുരോഗതിയാണ് സംസ്ഥാനം നേടിയത്.
പൊതുവിദ്യാഭ്യാസമേഖലയില്‍ 44,705 ഹൈടെക് ക്ലാസ് റൂമുകളും 11,257 ഹൈടെക് ലാബുകളും 425ല്‍പ്പരം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തികരിച്ചു. 22 കോളജ് കെട്ടിടങ്ങളും നാല് ഐടിഐ കെട്ടിടങ്ങളും എട്ട് തീരദേശവിദ്യാലയങ്ങളും കിഫ്ബി പൂര്‍ത്തിയാക്കി. കൂടാതെ 58 റോഡ് പദ്ധതികളും 20 കുടിവെള്ള പദ്ധതികളും മൂന്ന് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതികളും തിരുവനന്തപുരം ടെക്‌നോ സിറ്റി ഐടിപാര്‍ക്ക്, പത്ത് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളും പൂര്‍ത്തികരിച്ചവയില്‍ പ്രധാനപ്പെട്ടവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.