കേരളം
യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന പരാതി, നടൻ ബാലയുടെ വീട്ടിൽ പൊലീസ്; തോക്ക് കണ്ടെത്തിയില്ല
വീട് കയറി ആക്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെപരാതിയിൽ നടൻ ബാലയുടെ മൊഴി എടുത്ത് പൊലീസ്. തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയിൽ തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
യൂട്യൂബറായ ചെകുത്താന്‍ എന്ന് വിളിപ്പേരുള്ള അജു അലക്സിനെ ഭീഷണിപ്പെടുത്തിയതിനാണ് തൃക്കാക്കര പൊലീസ് ബാലയ്ക്കെതിരെ കേസെടുത്തത്. ബാലയ്ക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നലെന്നാണ് എഫ്ഐആറിലുള്ളത്. ചെകുത്താനെന്ന് വിളിപ്പേരുള്ള യൂട്യബര്‍ അജു അലക്സ് ഇടപ്പള്ളി ഉണിച്ചിറയില്‍ സുഹൃത്തിനൊപ്പമാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ അതിക്രമിച്ചു കയറിയ ബാല അജു അലക്സിനെ അന്വേഷിച്ചെന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സുഹത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും അജു അലക്സ് വീഡിയോ ചെയ്യാനായി ഉപയോഗിച്ചിരുന്ന ബാക്ഡ്രോപ്പ് വലിച്ചുകീറിയെന്നും എഫ്ഐആറിലുണ്ട്. ഇതിന് പിന്നാലെയാണ് അജു അലക്സും അബ്ദുല്‍ ഖാദറും തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. തോക്കുമായിട്ടായിരുന്നു ബാല വീട്ടിലെത്തിയതെന്നും അജു ആരോപിച്ചിരുന്നു.
പരാതിക്ക് പിന്നാലെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി ബാലതന്നെ ഫേസ് ബുക്കില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അബ്ദുള്‍ ഖാദറുമായി സംസാരിക്കുന്ന ഭാഗം ഉള്‍പ്പെടെയാണ് വീഡിയോ. വീട്ടില്‍ കയറി അതിക്രമം കാണിച്ചിട്ടെലന്നും അജുവിനെ ഉപദേശിക്കാനാണ് പോയതെന്നുമാണ് പിന്നീട് ബാല പ്രതികരിച്ചത്. ഒരാഴ്ചമുന്‍പാണ് ബാലയ്ക്കെതിര അജു അലക്സ് ചെകുത്താന്‍ എന്ന പേരില്‍ വീഡിയോ പങ്കുവച്ചത്. ഇതിന് മുന്‍പും ബാലയ്ക്കെതിരെ അജു യൂട്യൂബില്‍ വീഡിയോ ചെയ്തിട്ടുണ്ട്. ഇതാണ് പ്രകോപനത്തിന് കാരണം.