കേരളം
രാഹുലിന്റെ അയോഗ്യത നീങ്ങും; അപകീര്‍ത്തി കേസ് വിധിക്കു സുപ്രീം കോടതി സ്‌റ്റേ
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു വിധിച്ച സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരു വന്നതെങ്ങനെ എന്ന പരാമര്‍ശത്തിന്റെ പേരിലാണ്, രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്.
രാഹുലിന്റെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ ഇരുപക്ഷത്തിനും പതിനഞ്ചു മിനിറ്റു വീതം വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെങ്കില്‍ അതിനു തക്ക കാരണം വേണമന്നും ബെഞ്ച് വ്യക്തമാക്കി. ഇരുപക്ഷത്തിനും പതിനഞ്ചു മിനിറ്റു വീതം വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെങ്കില്‍ അതിനു തക്ക കാരണം വേണമന്നും ബെഞ്ച് വ്യക്തമാക്കി.
മോദി സമുദായത്തില്‍പ്പെട്ട പതിമൂന്നു കോടി ജനങ്ങളില്‍ ബിജെപി നേതാക്കള്‍ മാത്രമാണ് രാഹുലിനെതിരെ പരാതി നല്‍കിയിട്ടുള്ളതെന്ന്, അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു. വിധി പറഞ്ഞ കേസിലെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയാവട്ടെ, യഥാര്‍ഥ മോദി സമുദായക്കാരന്‍ അല്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി. ഇത് പൂര്‍ണേഷ് മോദി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും അഭിഷേക് സിങ്വി പറഞ്ഞു.
ഒരാളെ ഇടിച്ചു താഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടെ പരാമര്‍ശിച്ചാല്‍ മാത്രമേ അപകീര്‍ത്തി കേസ് നിലനില്‍ക്കുകയുള്ളൂ. 499ാം വകുപ്പില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്. ഇവിടെ മോദി സമുദായത്തിലെ എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം രാഹുലിന് ഇല്ലായിരുന്നുവെന്നു വ്യക്തമാണ്. ഇത്തരമൊരു ലക്ഷ്യം രാഹുലിന് ഉണ്ടായിരുന്നുവെന്ന് സാക്ഷികള്‍ ആരും പറഞ്ഞിട്ടില്ല- സിങ്വി പറഞ്ഞു.
രാഹുലിന്റേത് ധാര്‍മിക അധഃപതനമാണെന്നാണ് വിചാരണക്കോടതി ജഡ്ജി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനം എന്തെന്ന് സിങ്വി ചോദിച്ചു. ഏതെങ്കിലും നിയമത്തിന്റെയോ കോടതി വിധിയുടെയോ അടിസ്ഥാനത്തിലാണോ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്? പരമാവധി ശിക്ഷ വിധിക്കുന്നതിന് തട്ടിക്കൊണ്ടുപോവലോ കൊലപാതകമോ ബലാത്സംഗമോ അല്ല രാഹുലിന്റെ പേരിലുള്ള കുറ്റം. എട്ടു വര്‍ഷമാണ് ഇതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് സിങ്വി ചൂണ്ടിക്കാട്ടി.