കേരളം
തന്നെ മർദ്ദിച്ചത് സുഹൃത്തുക്കൾക്കൊപ്പം; അഫ്സാനയ്ക്കെതിരെ നൗഷാദിന്റെ പരാതി
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാനക്കെതിരെ ഭർത്താവ് നൗഷാദ് പൊലീസിൽ പരാതി നൽകി. തന്നെ ക്രൂരമായി മർദ്ദിച്ചതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഫ്സാനയ്ക്കെതിരെ അടൂർ പൊലീസിൽ നൗഷാദ് പരാതി നൽകിയത്. അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നും ഇതാണ് നാടുവിടാൻ കാരണമെന്നുമാണ് നൗഷാദ് പരാതിയിൽ പറയുന്നത്. ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ രൂക്ഷ വിമർശനവും ആരോപണങ്ങളുമാണ് നൗഷാദിനെതിരെ അഫ്സാന ഉയർത്തിയത്. എന്നാൽ താൻ കുട്ടികളെ അടക്കം ഉപദ്രവിച്ചെന്ന അഫ്‌സാനയുടെ ആരോപണം കളവാണെന്നും നൗഷാദ് പറഞ്ഞു.
നേരത്തെ, നൗഷാദിനെ കൊന്നെന്ന് പൊലീസ് മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും അഫ്സാന ആരോപിച്ചിരുന്നു. പൊലീസിനെതിരെ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് അഫ്സാന ഇന്ന് പരാതി നൽകാനിരിക്കെ പൊലീസ് ഇന്നലെ മറ്റൊരു വീഡിയോ പുറത്ത് വിട്ടു. പൊലീസിൻ്റെ തെളിവെടുപ്പ് വീഡിയോയാണ് പുറത്ത് വന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജമാണെന്നാണ് വാദം. കൊലക്കേസിൽ കുടുക്കാൻ മർദ്ദിച്ചുവെന്ന അഫ്സാനയുടെ ആരോപണം കളവാണെന്നും പൊലീസ് വിശദീകരിക്കുന്നു.
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.
മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്സനായ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.