കേരളം
അനന്തപുരി എഫ്എമ്മിനായി കേന്ദ്ര മന്ത്രിക്ക് കത്തയച് മന്ത്രി ആന്‍റണി രാജു
അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിർത്തുവാനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത് അയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട വാർത്താ സ്രോതസ്സും വിനോദ ഉപാധിയുമായിരുന്ന അനന്തപുരി എഫ്എം.
ആകാശവാണി ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ പ്രക്ഷേപണം നിർത്തിയത് തലസ്ഥാന നഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. നഗര ജീവിതം ചലനാത്മകവും ക്രിയാത്മകവുമാക്കുന്നതിൽ അനന്തപുരി എഫ്എമ്മിന് വലിയ പങ്കുണ്ട്. സംഗീതം മാത്രമല്ല മണിക്കൂറുകൾ ഇടവിട്ടുള്ള വാർത്തയും മറ്റ് സാംസ്കാരിക പരിപാടികളും ശ്രോതാക്കളെ എന്നും ആകർഷിച്ചിരുന്നു. ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുമുള്ള ബോധവൽക്കരണം നൽകുവാൻ ഏറ്റവും മികച്ച ഉപാധിയായിരുന്നു അനന്തപുരി എഫ്എമ്മെന്നും മന്ത്രി ആന്‍റണി രാജു അഭിപ്രായപ്പെട്ടു.
യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രക്ഷേപണം നിർത്തിയത് അനന്തപുരി എഫ്എമ്മിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമാവുകയും ചെയ്തു. തലസ്ഥാന നഗരത്തോടുള്ള അവഗണനക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അനന്തപുരി എഫ്എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കത്തയച്ചിരുന്നു.
ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതില്‍ പലര്‍ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറഞ്ഞിരുന്നു. നന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ് എം സ്റ്റേഷന്‍ പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തില്‍ എഫ് എം സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.