കേരളം
യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന്
ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോഴിക്കോട്ടെ കെ.പി.സി.സി പരിപാടിയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. അക്രമങ്ങളുടെ പ്രധാന ഉത്തരവാദി പ്രധാനമന്ത്രിയാണ്.
അക്രമങ്ങള്‍ക്ക് കാരണക്കാരനായ മുഖ്യമന്ത്രി ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. അപമാനഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ട തരത്തിലുള്ള സംഭവങ്ങളാണ് മണിപ്പൂരിലുണ്ടാകുന്നത്. വംശഹത്യ നടത്തുന്നതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫും കെ.പി.സി.സിയും കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിക്കും.
മണിപ്പൂരിലെ സംഭവങ്ങളെ വി. മുരളീധരന്‍ ഇപ്പോഴും ന്യായീകരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംഘപരിവാര്‍ രൂക്ഷമായി ആക്രമിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത് ക്രൈസ്തവരാണ്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിച്ചാണ് ഇരു വിഭാഗങ്ങളുടെയും ദേവാലയങ്ങള്‍ ആക്രമിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതും. സര്‍ക്കാരാണ് കലാപകാരികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയിരിക്കുന്നത്.