കേരളം
തൊഴിലുറപ്പ് തൊഴിലാളികൾക്ക് എഡിഎസിന്റെ ഭീഷണിയെന്ന് പരാതി
മലപ്പുറം എടപ്പറ്റ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എഡിഎസിന്റെ ഭീഷണിയെന്ന് പരാതി. നാളെ തിരഞ്ഞെടുക്കുന്ന പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്ക് എത്തിയില്ലെങ്കിൽ ആനുകൂല്യങ്ങളുടെ ലിസ്റ്റിൽ നിന്ന് പേര് വെട്ടുമെന്നായിരുന്നു ഭീഷണി. യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി കെ കബീറിന്റെ നിർദേശപ്രകാരമാണ് സന്ദേശമെന്നും എഡിഎസ് പറയുന്നുണ്ട്. എന്നാൽ തന്റെ അറിവോടെയല്ല എഡിഎസ് സന്ദേശം അയച്ചതെന്നാണ് കബീറിന്റെ വിശദീകരണം
യുഡിഎഫ് ഭരിക്കുന്ന എടപ്പറ്റ പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരമാണ് ലീഗ് അംഗം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. യുഡിഎഫിന് വലിയ ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്റെ കെ കബീർ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേൽക്കും. ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രൂപ്പിൽ ഭീഷണിയുടെ സ്വരത്തിൽ എഡിഎസിന്റെ സന്ദേശം എത്തിയത്.
എന്നാൽ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് കെ കബീറിന്റെ വിശദീകരണം. തന്റെ അറിവോടെയല്ല സന്ദേശമയച്ചതെന്നും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ആളെ കൊണ്ടുവരുന്നതിനോട് യോജിപ്പില്ലന്നും കബീർ വ്യക്തമാക്കി.