കേരളം
കർക്കടക വാവു ബലി: വീടുകളിൽ ബലി ഇടുമ്പോൾ അറിഞ്ഞിരിക്കേണ്ട ആചാരങ്ങൾ
കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കടക വാവായി ആഘോഷിക്കുന്നത്.
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്ന് വിശ്വാസം. ഇത്തവണ ജൂലൈ 28 വ്യാഴാഴ്ചയാണ് കർക്കടക വാവു ബലി.
പിതൃക്കൾ ബലികാക്കയുടെ രൂപത്തില്‍ ബലി സ്വീകരിക്കാന്‍ എത്തുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ബലികാക്ക ബലി എടുത്താല്‍ പിതൃക്കള്‍ സന്തുഷ്ടരായി എന്നാണ് വിശ്വാസം.
വീടുകളിലിരുന്ന് ബലി ഇടുമ്പോൾ അറിഞ്ഞിരിക്കേണ്ട ആചാരങ്ങൾ
ദര്‍ഭ, എളള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം, ജലം, വാഴയില എന്നിവയാണ് പ്രധാന ബലികര്‍മ്മ വസ്തുക്കള്‍.
ബലീ തർപ്പണം നടത്തുന്നയാൾ അതിരാവിലെ കുളിക്കണം. അതിനുശേഷം ആദ്യം ഭഗവാനായി കുറച്ച് നേദ്യം തയ്യാറാക്കുക. ഈ നേദ്യം ഉരുട്ടി ഒരു ഉരുളയാക്കി വെക്കുക. കിണ്ടി തെക്കോട്ട് തിരിച്ച് വയ്ക്കുക. ബലിയിടുന്ന ആള് ഇരിക്കുമ്പോള്‍ ഒരിക്കലും വെറും നിലത്ത് ഇരിക്കരുത്. ഒരു പലകയോ മറ്റോ ഇട്ടതിന് ശേഷം മാത്രം അതിന്റെ പുറത്ത് ഇരിക്കാന്‍ ശ്രദ്ധിക്കുക.
ആദ്യം ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിക്കുക. പിതൃമോക്ഷം ഭഗവാന് വിഷ്ണുവിന്റെ അധികാരമാണ്. ഭഗവാനെ നല്ലതുപോലെ മനസ്സില്‍ പ്രാര്‍ത്ഥിച്ചശേഷം പിതൃമോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. അതിന് ശേഷം പിതൃക്കളോട് ചെയ്തിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റു പറയുക. അതിന് ശേഷം ഒരു കൈയ്യില്‍ അല്പം പുഷ്പം, ചന്ദനം എന്നിവ എടുത്ത് ഒരു കൈ കൊണ്ട് കിണ്ടി അടച്ച് പിടിച്ച് സപ്തനദികളെ മനസ്സില്‍ ധ്യാനിക്കുക.
അതിന് ശേഷം കുറച്ച് വെള്ളം എടുത്ത് തെക്കോട്ട് തിരിച്ചിട്ടിരിക്കുന്ന ഇലയുടെ നടുവില്‍ തളിക്കുക. അതിന് ശേഷം പുഷ്പവും എള്ളും കൈയ്യിലെടുത്ത് അത് അല്പം ചന്ദന വെള്ളത്തില്‍ മുക്കി രണ്ട് കൈകള്‍ കൊണ്ടും തൊഴുത് പിടിച്ച് പ്രാര്‍ത്ഥിച്ച ശേഷം കൈകള്‍ തലക്ക് മുകളില്‍ ഉയര്‍ത്തി പിതൃക്കളെ സ്മരിച്ച് കൈക്കൊള്ളുന്ന ബലി സ്വീകരിക്കണം എന്ന് പ്രാര്‍ത്ഥിച്ച് ആ പുഷ്പം ദര്‍ഭപ്പുല്ലിന്റേയും ഇലയുടേയും നടുവില്‍ വെക്കുക. എന്നിട്ട് തൊഴുത് പ്രാര്‍ത്ഥിക്കുക. തൊഴുമ്പോള്‍ ശ്രദ്ധിക്കണം. പിതൃക്കളെ കൈകള്‍ കീഴ്പ്പോട്ടാക്കിയാണ് തൊഴേണ്ടത്.
കിണ്ടിയില്‍ നിന്ന് മൂന്ന് പ്രാവശ്യം വെള്ളം ഇലയുടെ മധ്യത്തില്‍ ഒഴിച്ച് കൊടുക്കണം. മൂന്ന് പ്രാവശ്യം മുന്‍പ് ചെയ്ത പോലെ തന്നെ പുഷ്പവും ചന്ദനവും വെച്ച് ആരാധിക്കുക. അതിന് ശേഷം പിണ്ഡം കൈയ്യിലെടുത്ത് അതില്‍ എള്ള് നല്ലതുപോലെ ചേര്‍ക്കുക. പിന്നീട് പിണ്ഡം കൈയ്യിലെടുത്ത് പിതൃക്കളെ മനസ്സില്‍ സ്മരിച്ച് പിണ്ഡം ഇലയില്‍ സമര്‍പ്പിക്കുക. മൂന്ന് പ്രാവശ്യം കിണ്ടിയിലെ വെള്ളം സമര്‍പ്പിക്കുക, അതിന് ശേഷം മൂന്ന് തവണ ചന്ദനവെള്ളം സമര്‍പ്പിക്കുക, മൂന്ന് പ്രാവശ്യം പുഷ്പം സമര്‍പ്പിക്കുക. അത് കഴിഞ്ഞ് കുറച്ച് എള്ള് എടുത്ത് എള്ള് ചേര്‍ത്ത വെള്ളം മൂന്ന് പ്രാവശ്യം പിണ്ഡത്തിന് മുകളില്‍ ഒഴിക്കുക. ശേഷം ഒന്നു കൂടി തൊഴുത് പ്രാര്‍ത്ഥിക്കുക.
എഴുന്നേറ്റ് പിണ്ഡത്തിനേയും നിലവിളക്കിനേയും മൂന്ന് പ്രാവശ്യം വലം വെച്ച് തെക്കോട്ട് നമസ്കരിക്കുക. അതിന് ശേഷം അവിടെ തന്നെ ഇരുന്ന് പുഷ്പം രണ്ട് കൈയ്യിലും എടുത്ത് പ്രാര്‍ത്ഥിച്ച് ആ പുഷ്പം മുകളിലേക്ക് ഇടുക. ശേഷം പിണ്ഡവും ഇലയും എല്ലാം എടുത്ത് പുറത്ത് വെച്ച് കൈകൊട്ടി കാക്കയെ വിളിക്കുക. അല്ലെങ്കില്‍ ജലാശയങ്ങളില്‍ ഒഴുക്കിക്കളയാം.