ദേശീയം
തക്കാളി വിലവർധന; പാചകത്തിന് പുളിക്ക് പിന്നാലെ ജനങ്ങൾ
തക്കാളിയുടെ വില കുത്തനെ വർധിച്ചതോടെ വാളൻ പുളിക്ക് ആവശ്യക്കാർ കൂടി. ഹോട്ടലുകളിലും മറ്റും തക്കാളിക്ക് പകരം വാളൻ പുളിയും ചെറുനാരങ്ങയുമാണ് ഉപയോഗിക്കുന്നത്. ആവശ്യക്കാർ കൂടിയതോടെ പുളിയുടെ വില കഴിഞ്ഞ ആഴ്ച 90 രൂപയിൽ നിന്ന് 160 രൂപയായി കൂടിയിട്ടുണ്ട്.
തക്കാളിക്ക് പകരമായി എന്തൊക്കെ ഉപയോഗിക്കാമെന്ന ആലോചനയിലാണ് പാചകവിദഗ്ധർ. അപ്രതീക്ഷിതമായുണ്ടായ മഴയാണ് തക്കാളി വില വർധിക്കാൻ കാരണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളിയുടെ വില കിലോക്ക് 150 രൂപയ്ക്ക് മുകളിലാണ്. ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കനുസരിച്ച് ദേശീയ തലത്തില്‍ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 108 രൂപയാണ്. ഡല്‍ഹിയില്‍-150, ലഖ്നൗവില്‍-143, ചെന്നൈയില്‍-123, ദിബ്രുഗഢില്‍ -115 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ നിരക്കുകള്‍.
മൂന്ന് കാര്യങ്ങൾക്കാണ് തക്കാളി കാര്യമായി ഉപയോഗിക്കുന്നത്. ഗ്രേവിയുടെ കട്ടി കൂട്ടുന്നതിനും, വിഭവത്തിന് പുളി ചേർക്കാനും, ചുവപ്പ് നിറം നൽകാനും. മൂന്ന് കാര്യങ്ങളും ഒന്നിച്ച് തരാൻ മറ്റൊരു ചേരുവക്കും കഴിയില്ല. ഇതിനൊക്കെയും പകരം മറ്റ് ചിലത് ഉപയോഗിക്കാമെന്ന് കാണിച്ചു തരുകയാണ് മുംബൈയിലെ പാചകക്കാർ.
വിഭവങ്ങൾക്ക് പുളി ലഭിക്കാൻ നാരങ്ങ, പുളി, മാങ്ങാപ്പൊടി എന്നിവയൊക്കെ പരീക്ഷിക്കാമെന്നാണ് പറയുന്നത്. തൈര്, ഉരുളക്കിഴങ്ങ്, കടലമാവ് എന്നിവ ഗ്രേവിക്ക് കട്ടി കൂട്ടാൻ ഉപയോഗിക്കാം. ബീറ്റ്റൂട്ട്, ചുവന്ന കുരുമുളക്, ഫുഡ് കളറുകൾ എന്നിവ ചേർത്ത് ചുവന്ന നിറം ഉണ്ടാക്കാം. ഏറെ പ്രിയപ്പെട്ട തക്കാളിരസം പോലും മെനുവിൽ നിന്ന് ഒഴിവാക്കിയതായി പലരും പറയുന്നു. ഉള്ളിക്ക് 100 രൂപ കടന്നപ്പോൾ ഹോട്ടലുടമകൾ പലരും ഉള്ളി കുറച്ച് ചുവന്ന മത്തങ്ങ പകരം ഉപയോഗിക്കാൻ തുടങ്ങിയതായും പറയുന്നു.