കേരളം
ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവം’ഭക്ഷണപ്പൊതിയെ പ്രശംസിച്ച് ദ ഗാർഡിയൻ; അഭിമാനമെന്ന് വി ശിവൻകുട്ടി
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്കുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്ഡിയന്. ദിവസവും 40,000 രോഗികള്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ ഈ ഭക്ഷണപ്പൊതികൾക്ക് തിരിച്ചറിയൽ അടയാളങ്ങളൊന്നും പതിപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം പാകം ചെയ്യുന്നയാൾക്ക് ഗുണഭോക്താവിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ തിരിച്ചും അറിയില്ല.”ഡി വൈ എഫ് ഐ യുടെ ‘ഹൃദയപൂർവ്വം’ഭക്ഷണപ്പൊതി വിതരണം സംബന്ധിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയൻ’ രേഖപ്പെടുത്തിയ വാക്കുകൾ ആണിത്. അഭിമാനമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
2017ലാണ് ഡിവൈഎഫ്ഐ പൊതിച്ചോര്‍ വിതരണം ആരംഭിച്ചത്. ആഘോഷ ദിവസങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 365 ദിവസവും പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്. പ്രാദേശിക അടിസ്ഥാനത്തില്‍ സംഘടനാ നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം വളന്റിയര്‍മാരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബങ്ങളില്‍ നിന്നുമാണ് ഭക്ഷണം ശേഖരിക്കുന്നത്. വീട്ടുകാര്‍ അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം അധികം പാചകം ചെയ്ത് നല്‍കിയാണ് പൊതിച്ചോര്‍ പദ്ധതിയോട് സഹകരിക്കുന്നത്.
ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനപ്പുറം ജാതി മത വ്യത്യാസമില്ലാതെ മനുഷ്യര്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യമാണ് പൊതിച്ചോറിലൂടെ സാധ്യമാവുന്നതെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം ഗാര്‍ഡിയനോട് പറഞ്ഞു. താഴ്ന്ന ജാതിക്കാര്‍ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്താല്‍ ഉയര്‍ന്ന ജാതിക്കാരായ രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നതും താഴ്ന്ന ജാതിക്കാര്‍ക്ക് ഭക്ഷണ ശാലകളില്‍ പ്രത്യേക കപ്പും പ്ലേറ്റും നല്‍ക്കുന്നതുമെല്ലാം ഇന്ത്യയിലെ മറ്റിടങ്ങളില്‍ കാണാം. എന്നാല്‍ ഗുണഭോക്താവിന്റെ ജാതിയോ മതമോ നോക്കാതെ പതിനായിരങ്ങള്‍ക്കാണ് കേരളത്തിലെ കുടുംബങ്ങള്‍ ഭക്ഷണമുണ്ടാക്കുന്നത് ഗാര്ഡിയന് റിപ്പോര്‍ട്ടില്‍ പറയുന്നു.