കേരളം
ഇടുക്കിയിൽ പെൺസുഹൃത്തിൻ്റെ പഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം
ഇടുക്കി കട്ടപ്പനയിൽ പെൺ സുഹൃത്തിന്റെ പേഴ്സിൽ മയക്കു മരുന്ന് ഒളിപ്പിച്ച്, കേസിൽ കുടുക്കാൻ ശ്രമം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മേരികുളം സ്വദേശി മഞ്ജുവിനെയാണ് മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചത്
കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിൽ ജയനും മഞ്ജുവും ഇന്നലെ മുറിയെടുത്ത് താമസിച്ചിരുന്നു. ഇന്ന് രാവിലെ മഞ്ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ വെച്ചതിനുശേഷം ജയൻ കടന്നു കളഞ്ഞു. ജയൻ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മഞ്ജുവിൻ്റെ പേഴ്സിൽ നിന്നും 300 മില്ലിഗ്രാം എം ഡി എം എ കണ്ടെത്തി. എന്നൽ മഞ്ജു, തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു. തുടർന്ന് എക്സൈസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജയൻ കുടുക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജയനും മഞ്ജുവും കഴിഞ്ഞ രണ്ടുമാസമായി ഒരുമിച്ചായിരുന്നു താമസം. മഞ്ജുവിനെ ഒഴിവാക്കാൻ വേണ്ടിയാണ് മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന് ജയൻ മൊഴി നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.