കേരളം
തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഒടുവിൽ രാജിവച്ചു
ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി സമർപ്പിക്കാൻ വിസമ്മതിച്ച തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഒടുവിൽ രാജിവച്ചു. രാജിക്കത്ത് നഗരസഭാ സെക്രട്ടറി ഇൻചാർജ് ടി.കെ.ഹരിദാസിന് കൈമാറി. വനിതാ സംവരണ സീറ്റായ ചെയർപേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിനുശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്.
എൽഡിഎഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യുഡിഎഫ് ഭരണം അട്ടിമറിക്കാൻ ശ്രമം നടത്തിയതിനു പിന്നാലെയാണ് അജിതയുടെ രാജി തീരുമാനം. നഗരസഭാ ചെയർപേഴ്സൺസ്ഥാനത്തെ ചൊല്ലി എ–ഐ ഗ്രൂപ്പുപോരിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫിനെ പിന്തുണച്ച നാല് സ്വതന്ത്രർ എൽഡിഎഫിനൊപ്പം ചേർന്നത്.
43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രർ ഉൾപ്പെടെ 25 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. നിലവിൽ എൽഡിഎഫിന് 18 കൗൺസിലുകളാണുള്ളത്, 4 വിമതർ കൂടി ചേർന്നാൽ അവരുടെ അംഗബലം 22 ആകും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് അജിതയോട് രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്.