കേരളം
1000 ലിറ്റർ പായസം വെയ്ക്കാം, 2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍
ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നിർമ്മിച്ച നാല് ഭീമൻ ഓട്ടുരുളികള്‍ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആവശ്യപ്രകാരം ആയിരം ലിറ്റർ വീതം പായസം തയ്യാറാക്കാനാവുന്ന വലിയ നാലു ഓട്ടുരുളികളാണ് മാന്നാറിലെ ഓട്ടുരുളി നിർമ്മാണ കേന്ദ്രത്തിൽ നിന്നും തയ്യാറാക്കിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ പഴകിയതും ഉപയോഗശൂന്യവുമായ വെള്ളോട് ഉടച്ചു വാർത്തായിരുന്നു പുതിയ ഭീമൻ വാർപ്പുകളുടെ നിർമ്മാണം.
മാന്നാറിലെ ശിവാനന്ദ ഹാൻഡി ക്രാഫ്റ്റ്സ് ഉടമ ശിവാനന്ദൻ ആചാരിയുടെ നേതൃത്വത്തിൽ മുപ്പതോളം തൊഴിലാളികളുടെ മൂന്നുമാസത്തെ കഠിന പ്രയത്നവുമാണ് ഓട്ടുരുളികളുടെ നിർമ്മാണത്തിന് പിന്നില്‍. 2500 കിലോ ഭാരവും എട്ടടി വ്യാസവും 26 ഇഞ്ച് കുഴിവുമുള്ള വാർപ്പുകൾ ആണ് ഇവ. ഓരോ ഓട്ടുരുളിയിലും ഗുരുവായൂർ ദേവസ്വം എന്ന് എഴുതി ചേർത്തിട്ടുണ്ട്.
ഭീമൻ വാർപ്പുകളെ കൂടാതെ എട്ടു ഓട്ടുരുളികള്‍ കൂടി ശിവാനന്ദ ഹാൻഡി ക്രാഫ്റ്റ്സ് നിർമ്മിച്ചിട്ടുണ്ട്. 750 കിലോഗ്രാം ഭാരമുള്ള രണ്ടെണ്ണം, 500 കിലോഗ്രാം ഭാരമുള്ള രണ്ടെണ്ണം, 200 കിലോഗ്രാം ഭാരമുള്ള നാല് ഉരുളികളുമാണ് നിർമ്മിച്ചിട്ടുള്ളത്. അവസാന മിനുക്ക് പണികൾക്ക് ശേഷം ഭീമൻ ഓട്ടുരുളികൾ ലോറിയിൽ കയറ്റി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ച് സമർപ്പിച്ചു. ക്രെയിനിന്റെ സഹായത്തോടെയാണ് ഭീമൻ ഉരുളികള്‍ ലോറിയിലേക്ക് മാറ്റിയതും ക്ഷേത്രത്തിൽ ഇറക്കിയതും.