ദേശീയം
സെന്തിൽ ബാലാജിയുടെ പുറത്താക്കൽ നടപടി മരവിപ്പിച്ചു; വകുപ്പില്ലാ മന്ത്രിയായി തുടരും
നിയമന കോഴക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വി സെന്തിൽ ബാലാജിയെ മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയ നടപടി മരവിപ്പിച്ച് തമിഴ്നാട് ഗവർണർ. തത്കാലം ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. രാത്രി ഏഴ് മണിക്കാണ് മന്ത്രിയെ പുറത്താക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയത്. നാല് മണിക്കൂറിന് ശേഷം, ആറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നുമറിയിച്ച് ഗവർണർ ആർ എൻ രവി മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു.
അഴിമതി കേസിൽ അറസ്റ്റിലായ ആൾ സ്ഥാനത്തു തുടരുമ്പോൾ നീതിപൂർവമായ അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു ഗവർണറുടെ ആദ്യ ഉത്തരവ്. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ പുറത്താക്കിയത്. ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചിരുന്നു.
റെയ്ഡിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതോടെ, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി. സെന്തിൽ കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് വകുപ്പ് മുത്തുസ്വാമിക്കുമാണ് കൈമാറിയത്. സെന്തിലിനെ വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിർത്തുകയായിരുന്നു. എന്നാൽ ഇത് ഗവർണർ എതിർത്തിരുന്നു.
വകുപ്പില്ലാ മന്ത്രിയായി തുടരാൻ സെന്തിൽ ബാലാജിയെ അനുവദിക്കണമെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ നിരാകരിച്ചിരുന്നു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് തുടരാനാകില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ സെന്തിൽ ക്രിമിനൽ നടപടികൾ നേരിടുകയാണ്. കൂടാതെ കേസിൽ അറസ്റ്റിലായ സെന്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതായും ചൂണ്ടിക്കാണിച്ചാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.