ക്രൈം
ലക്കിടിയിലെ ഹോംസ്റ്റേയിൽ ലഹരിപ്പാർട്ടി; MDMA-യുമായി ഒൻപതുപേർ അറസ്റ്റിൽ
ലക്കിടിയിലെ ഹോംസ്റ്റേയിൽ വൻ ലഹരിപ്പാർട്ടി. 10.20 ഗ്രാം എം.ഡി.എം.യുമായി ഒൻപതംഗ സംഘത്തെ പോലീസ് പിടികൂടി. വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെല്ലാം സുഹൃത്തുക്കളാണ്.ലക്കിടി മണ്ടമലയിലെ ഹോംസ്റ്റേയിൽ സ്ഥിരമായി ലഹരിപ്പാർട്ടി നടക്കുന്നതായി നേരത്തേ സൂചനയുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്.ഐ. എം.കെ. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാവുന്നതെന്ന് വയനാട് ജില്ലാപോലീസ് മേധാവി പദംസിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കല്പറ്റ സ്വദേശി വട്ടക്കാരി വീട്ടിൽ വി. മിൻഹാജ് (30), കോഴിക്കോട്, കൊടുവള്ളി, തടുകുന്നുമ്മൽ വീട്ടിൽ കെ.പി. റമീസ് (23), താമരശ്ശേരി, പുല്ലുമലവീട്ടിൽ മുഹമ്മദ് മിർഷാദ് (28), വയനാട്, പനമരം, കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് റാഷീദ് (23), കോഴിക്കോട്, പരപ്പൻപൊയിൽ മേത്തൽ തൊടുകയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ (24), കൊടുവള്ളി, അരീക്കര വീട്ടിൽ സുബൈർ (39), താമരശ്ശേരി, കൊരങ്ങാട് വീട്ടിൽ മുഹമ്മദ് ഹിഷാം (23), തലശ്ശേരി, അരയാൽപുറത്ത് വീട്ടിൽ അഫ്രീൽ ഇബ്രാഹിം (34), കണ്ണൂർ, ചൊക്ലി, മാസ് വീട്ടിൽ ഷെസിൽ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കല്പറ്റ സ്വദേശി മിൻഹാജാണ് ലഹരിപ്പാർട്ടി സംഘടിപ്പിച്ചത്. മറ്റ് സുഹൃത്തുക്കളെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. റാഷിദാണ് കോഴിക്കോട്ടുനിന്ന് മയക്കുമരുന്ന് എത്തിച്ചത്. ആരിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഹോംസ്റ്റേയുെട ലൈസൻസ് കാലാവധി കഴിഞ്ഞവർഷം അവസാനിച്ചതാണ്. മിൻഹാജ് പാട്ടത്തിനെടുത്ത് നടത്തിയാണ് എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച മുത്തങ്ങ ചെക്പോസ്റ്റിൽ 45.79 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായ മലപ്പുറം പള്ളിപ്പുറം തറവനാട്ടിൽ വീട്ടിൽ മുഹമ്മദ് ബാസിത് (27) മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സിനാൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നിരപരാധിയാണെന്ന് മനസ്സിലായതിനെത്തുടർന്ന് വിട്ടയച്ചു. ബാസിത് മയക്കുമരുന്നുമായി വരുകയാണെന്ന് സിനാന് മനസ്സിലായിരുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.