കേരളം
മലപ്പുറത്തെ ചോദ്യ പേപ്പർ മോഷണം: നഷ്ടപരിഹാരം ലക്ഷങ്ങൾ, പ്രിൻസിപ്പാളും അധ്യാപകരും നൽകണം!
മലപ്പുറം കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ചോദ്യപേപ്പർ മോഷണം പോയതിൽ കൂടുതൽ നടപടികളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. ചോദ്യപേപ്പർ മോഷണം പോയതിലൂടെ സർക്കാറിനുണ്ടായ നഷ്ടമായ 38,30,772 (38 ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി എഴുപത്തി രണ്ട് രൂപ) പ്രിൻസിപ്പാൾ അടക്കമുള്ള നാല് ജീവനക്കാരിൽ നിന്ന് തിരിച്ചെടുക്കാനാണ് പുതിയ ഉത്തരവിൽ പറയുന്നത്.
പരീക്ഷ ചുമതലയുള്ള ചീഫ് സൂപ്രണ്ട് ഡി ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാരായ ടി മുഹമ്മദലി, കെ മഹറൂഫ്, വാച്ച്മാൻ ടി അബ്ദുൽ സമദ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ഗീത ഡിയിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ ഹയർ സെക്കൻഡറി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്ന് നടപടിക്രമങ്ങൾ നടക്കുന്നതായും ഉത്തരവിൽ പറയുന്നു. അധ്യാപകരായ മുഹമ്മദലി ടി, മഹറൂഫ് അലി കെ, നൈറ്റ് വാച്ച്മാനായിരുന്ന അബ്ദുൾ സമദ് എന്നിവരിൽ നിന്ന് തുക ഈടാക്കാനാായി ഫോർമൽ എൻക്വയറി നടത്തി റിപ്പോർട്ട് നൽകാൻ ഹയർ സെക്കൻഡറി ഫിനാൻസ് ഓഫീസർ മോഹനൻ കുമാറിനെ നിയമിക്കുകയും ചെയ്തതായും ഉത്തരവ് വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ജി എച്ച് എസ് എസിൽ നിന്നായിരുന്നു പരീക്ഷയ്ക്കായി സൂക്ഷിച്ചിരുന്ന ചോദ്യപേപ്പർ മോഷണം പോയത്. 2020 ഡിസംബർ 18- ന് ആരംഭിച്ച ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷയുടെ ഇംഗ്ലീഷ് , എക്കണോമിക്സ്, അക്കൌണ്ടൻസി എന്നീ വിഷയങ്ങളിലെ ചോദ്യ പേപ്പറുകളുടെ പത്ത് വീതം പാക്കറ്റുകൾ മോഷ്ടാവ് കൊണ്ടുപോയിരുന്നു. മോഷണം നടത്തുന്നയാളുടെ സിസിടിവി ദൃശ്യങ്ങളടക്കം അന്ന് കേസ് അന്വേഷിച്ച കൊണ്ടോട്ടി പൊലീസിന് ലഭിച്ചിരുന്നു.