കേരളം
മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് കേന്ദ്ര ഫണ്ടിന്: കാനം രാജേന്ദ്രന്‍
വയനാട് മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലിസിന്റെ മാത്രം ആവശ്യമാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ല.
ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പോലിസിന്റെ മാത്രം ആവശ്യമാണെന്നും കേന്ദ്ര ഫണ്ട് നേടാനാണിതെന്നും കാനം കുറ്റപ്പെടുത്തി. മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
അതിനുവേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ച് കൊല്ലുന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിടണം.
എന്നാല്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിന്റെ ശരിയായ ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നില്ല എന്നത് മറ്റൊരു കാര്യമാണെന്നു കാനം ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടുണ്ട്. മരിച്ച വേല്‍മുരുകന്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്.
പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലിസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കാനം ചോദിച്ചു.