കേരളം
എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തം: സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ
സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ പ്രബലമായ എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് അറിയിച്ചു. സിപിഎമ്മുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ് എഫ് ഐ യെ നിയന്ത്രിക്കാൻ സിപിഎമ്മിന് സാധിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.
എസ്എഫ്ഐയിലെ വ്യാജരേഖാ വിവാദം സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നത്. എസ്എഫ്ഐക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായി. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായെ ബാധിക്കുന്ന വിഷയമായതിനാൽ തന്നെ നേതാക്കളുടെ ഭാഗത്ത് നിന്ന് യോഗത്തിൽ ശക്തമായ വിമർശനവും ഉയർന്നിരുന്നു.
എന്നാൽ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലടക്കം എസ്എഫ്ഐയെ തള്ളിപ്പറഞ്ഞിരുന്നില്ല. പുറത്തു വരുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും, ഒരു സംഭവമുണ്ടാകുമ്പോൾ തുടക്കത്തിൽ എല്ലാവരും ന്യായീകരിക്കുമെന്നുമാണ് കാനം വ്യക്തമാക്കിയത്. ക്രമക്കേട് ഗുരുതരമാണെന്ന് സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗം എഴുതിയപ്പോഴാണ് കാനം രാജേന്ദ്രൻ മൃദുനിലപാട് സ്വീകരിച്ചത്.
പരീക്ഷാ ക്രമക്കേട്, തെരഞ്ഞെടുപ്പ് ആൾമാറാട്ടം, ക്യാംപസുകളിലെ ഏകാധിപത്യ പ്രവണത തുടങ്ങി എസ്എഫ്ഐക്കെതിരെ കടുത്ത നിലപാടാണ് സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിനും സിപിഐ മുഖപത്രം ജനയുഗത്തിനുമുള്ളത്. പരീക്ഷാ ക്രമക്കേട് ഗുരുതരമാണെന്ന് ജനയുഗം പത്രം ചൂണ്ടിക്കാട്ടുന്നു. വ്യാജരേഖയിൽ സഹായം കിട്ടിയെന്നത് ഗൂഢാലോചനയുടെ സ്വഭാവമുള്ളതെന്നും, തെരഞ്ഞെടുപ്പ് ആൾമാറാട്ടം ഉൾപ്പടെ സംഘടനയുടെ പുരോഗമന പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും പാർട്ടി പത്രം വിമർശിച്ചു. കെ വിദ്യയുടെ വ്യാജരേഖാ ആരോപണം വന്നപ്പോഴും മഹാരാജാസിൽ പണ്ടും തട്ടിപ്പ് ഉണ്ടായെന്നായിരുന്നു കാനത്തിൻറെ നിലപാട്