കേരളം
നാട്ടിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ചതിന് പൊലീസ് നടപടിയെന്ന് ആരോപണം
കോട്ടയം മൂന്നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ചതിന് നടപടിയെന്ന് ആരോപണം. ഗ്രൂപ്പ് അഡ്മിന്‍ അടക്കം മൂന്ന് പേരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് നടപടിയെന്നാണ് സിപിഐഎം വാദം.
160ലധികം പേരുള്ള ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്കെതിരെയാണ് പൊലീസ് നടപടി. സര്‍ട്ടിഫിക്കറ്റ് വിവാദത്തിലുള്‍പ്പെടെ എസ്എഫ്‌ഐയും സിപിഐഎമ്മും പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെയും വിദ്യാര്‍ത്ഥി സംഘടനയെയും താറടിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് സിപിഐഎം മൂന്നിലവ് ലോക്കല്‍ സെക്രട്ടറി പൊലീസിന് നല്‍കിയ പരാതിയുടെ ചുരുക്കം.
നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും കെ വിദ്യയുടെ വ്യാജ രേഖ കേസും വാട്‌സ്ആപ് ഗ്രൂപ്പില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇവയുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നു. പോസ്റ്റുകളും മെസേജുകളുമെല്ലാം സിപിഐഎമ്മിനെയും എസ്എഫ്‌ഐയെയും പരിഹസിച്ചുകൊണ്ടുള്ളതാണ്.
അതേസമയം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി ബിരുദാന്തര ബിരുദത്തിന് ചേര്‍ന്ന കേസില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. പൊലീസിന്റെ അന്വേഷണത്തില്‍ നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ അവസാനമായി കാണിച്ചത് തിങ്കള്‍ ഉച്ചയ്ക്ക് തിരുവന്തപുരത്തായിരുന്നു. കായകുളം പൊലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്. കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വ്യാജരേഖാ കേസ് പ്രതി വിദ്യയെയും പിടികൂടാന്‍ പൊലീസിനായിട്ടില്ല.