കേരളം
ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതും ഐഎംഎ; ബെന്യാമിന്
ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്. ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഐഎംഎ വഹിക്കുന്ന പങ്ക് വളരെയധികമാണെന്ന് ബെന്യാമിന് പറഞ്ഞു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്കി അവയവദാനം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബെന്യാമിന്റെ പരാമര്‍ശം. 2018ല്‍ ശരീര ശാസ്ത്രം നോവലിനെതിരെ രംഗത്ത് വന്ന ഐഎംഎ സെക്രട്ടറിയായിരുന്ന സുല്‍ഫി നൂഹുവിനെതിരെയും ബെന്യാമിന് വിമര്‍ശനം ഉന്നയിച്ചു.
ബെന്യാമിന് പറഞ്ഞത്: ”സുല്‍ഫി നൂഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതോ പുതിയ ഉഡായിപ്പ് ന്യായീകരണവും കൊണ്ട് ഇറങ്ങുമോ? ഡോക്ടറുമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഈ സംഘടന വഹിക്കുന്ന പങ്ക് വളരെയധികമാണ്. ചികിത്സ പിഴവ് കാരണം ഞാന്‍ ദുരിതം അനുഭവിച്ച ഒരു കാലത്ത് ആ ഡോക്ടര്‍ പറഞ്ഞത്, നീ ഏത് കോടതിയില്‍ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും എന്നായിരുന്നു. ഇതാണ് ഇവരുടെ കരുത്ത്.”
അതേസമയം, അവയവദാന കേസില്‍ വിശദീകരണവുമായി ലേക് ഷോര്‍ ആശുപത്രി രംഗത്തെത്തി. ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. അപകടത്തില്‍ പരിക്കേറ്റെത്തിച്ച ഉടുമ്പന്‍ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയെന്നും ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ.എച്ച് രമേഷ് വ്യക്തമാക്കി. രോഗി ആശുപത്രിയിലെത്തുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണ മണികള്‍ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാര്‍ശ ചെയ്തതെന്നുമാണ് ഡോ. എച്ച് രമേഷ് വിശദീകരിക്കുന്നത്.