Uncategorized
കേരളത്തിലേക്ക് ഇനി വന്ദേമെട്രോ; ട്രെയിൻ റൂട്ടുകളുടെ ആലോചന തുടങ്ങി
റെയിൽവേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച ആലോചന റെയിൽവേ ബോർഡ് ആരംഭിച്ചു. 5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാർശചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റർ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല.
എറണാകുളം–കോഴിക്കോട്, കോഴിക്കോട്–പാലക്കാട്, പാലക്കാട്–കോട്ടയം, എറണാകുളം–കോയമ്പത്തൂർ, മധുര–ഗുരുവായൂർ, തിരുവനന്തപുരം–എറണാകുളം, കൊല്ലം–തിരുനെൽവേലി, കൊല്ലം–തൃശൂർ, മംഗളൂരു–കോഴിക്കോട്, നിലമ്പൂർ–മേട്ടുപ്പാളയം എന്നീ റൂട്ടുകളിലാണു കേരളത്തിൽ വന്ദേമെട്രോ ട്രെയിനുകൾക്കു സാധ്യത. ഇതിൽ നിലമ്പൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാകാനുണ്ട്. ദക്ഷിണ റെയിൽവേയുടെ ശുപാർശയനുസരിച്ചാണു ബോർഡ് തീരുമാനമെടുക്കുക.
പൂർണമായും ശീതീകരിച്ച 12 കോച്ചുകളാണു വന്ദേമെട്രോയിലുണ്ടാകുക. 130 കിലോമീറ്റർ വേഗമുണ്ടാകും. വന്ദേഭാരത് മാതൃകയിൽ വീതിയേറിയ ജനാലകൾ, ഓട്ടമാറ്റിക് ഡോർ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആദ്യ വന്ദേമെട്രോ റേക്ക് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നവംബർ അവസാനം പുറത്തിറക്കും.