കേരളം
പലചരക്ക് സാധനങ്ങള്‍ക്ക് പൊള്ളുംവില; കണ്ണ് മൂടിക്കെട്ടി ഭക്ഷ്യവകുപ്പ്
അടുക്കള ബജറ്റ് തകര്‍ത്ത് പലചരക്ക് സാധനങ്ങള്‍ക്ക് പൊളളുന്നവില. 30 രൂപ മുതല്‍ 200 രൂപ വരെയാണ് വിവിധ പലചരക്ക് സാധനങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുളളില്‍ വില കൂടിയത്. സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുമ്പോഴും ഭക്ഷ്യവകുപ്പിന് അനക്കമില്ല.
ചെറിയ ഉളളി ചേർത്തുള്ള കറികള്‍ക്കൊക്കെ നല്ല രുചിയാണ്. പക്ഷേ, ആ രുചിക്ക് ‘വലിയ വില’ കൊടുക്കണം. 40 ല്‍ നിന്ന് 80 രൂപയിലേയ്ക്കാണ് ഉളളിവിലക്കയറ്റം. ഇത്തിരി വെളുത്തുളളി അച്ചാറിടാന്‍ മോഹിച്ചാല്‍ കഴിഞ്ഞ ആഴ്ചയില്‍നിന്ന് 35 രൂപ കൂടുതല്‍ മുടക്കേണ്ടി വരും. ഇനി സാമ്പാറുണ്ടാക്കാമെന്ന് കരുതിയാൽ സാമ്പാര്‍ പരിപ്പിന് 40 രൂപയാണു കൂടിയത്. കിലോയ്ക്ക് 230ല്‍ നിന്ന് വറ്റല്‍മുളക് വില 270 രൂപയിലേയ്ക്കാണ് കുതിച്ചുചാടിയത്.
വെള്ളക്കടല വില 105 ല്‍ നിന്ന് 155 ലേയ്ക്കും ചെറുപയര്‍ 110 ല്‍ നിന്ന് 140 ലേയ്ക്കും ഉഴുന്നുവില 110 ല്‍ നിന്ന് 127 ലേയ്ക്കും കുതിച്ചുകയറി. ജീരക വില കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്. വിലക്കയറ്റം വീട്ടകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളെയും പ്രതിസന്ധിയിലാക്കി. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുകയും ചെയ്യേണ്ട ഭക്ഷ്യവകുപ്പ് ഇതൊന്നും കണ്ടതായോ കേട്ടതായോ ഭാവിക്കുന്നില്ലെന്നു ജനം പറയുന്നു.