കേരളം
വിദ്യ ഒളിവിൽ, കണ്ടെത്താനാകാതെ പൊലീസ്
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ കെ വിദ്യയുടെ കാസർകോട് തൃക്കരിപ്പൂരിലെ വീട്ടിൽ പോലീസ് എത്തി. വീട് പൂട്ടിയ നിലയിലാണ്. ഇതേ തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് പോലീസ് വിവരങ്ങൾ തിരക്കി. വിദ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
സംസ്ഥാനത്തെ രണ്ടു സ്റ്റേഷനുകളിൽക്കൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു സൂചന.
വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. 2021ൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ ലഭിച്ച ജോയ്നിങ് സർട്ടിഫിക്കറ്റിലെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സൂചന. ഈ സർട്ടിഫിക്കറ്റിൽ വൈസ് പ്രിൻസിപ്പൽ ഇട്ട അതേ ഒപ്പും സീലുമാണു ഗെസ്റ്റ് അധ്യാപകജോലിക്കായി സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലുമുള്ളത്.
അതിനിടെ, കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജോലി നേടാനായി രണ്ടു തവണ വിദ്യ വ്യാജരേഖ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ജോലിയിൽ തുടരാനായി കഴിഞ്ഞ മാസവും എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജരേഖ നൽകി. എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് രണ്ടാം തവണയും വിദ്യ കോളേജിൽ നൽകിയത്. എന്നാൽ, അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാൽ നിയമനം ലഭിച്ചില്ല.
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിദ്യം വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയത്. മഹാരാജാസ് കോളേജിന്റെ ലോഗോയും സീലും കണ്ടു സംശയം തോന്നിയ ഇന്റർവ്യൂ പാനലിലുള്ളവർ കോളജുമായി ബന്ധപ്പെട്ടപ്പെട്ടു. ഇതോടെയാണ് വിദ്യ സമർപ്പിച്ചത് വ്യാജരേഖയാണെന്ന് തെളിഞ്ഞത്.