കേരളം
പാലക്കാട്ടെ ചിറക്കൽപടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണം അനന്തമായി നീളുന്നു
പാലക്കാട്ടെ ചിറക്കൽപടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണം അനന്തമായി നീളുന്നു. അനാസ്ഥക്കെതിരെ ഒടുവിൽ പ്രതിഷേധവുമായി നാട്ടുകാർ റോഡിലിറങ്ങി വാഴ വെച്ചു. എട്ട് കിലോ മീറ്റർ റോഡ് നവീകരിക്കാൻ 32 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, അഞ്ച് വർഷമായിട്ടും നിർമാണം പൂർത്തിയായില്ല. മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനൻ 2018 ൽ നിർമാണോദ്ഘാടനം നടത്തിയതാണ്. ഒന്നര വർഷത്തിനകം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും മുക്കാൽ ഭാഗം പോലും നവീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കൊവിഡും കരാറുകാർ പിൻവാങ്ങിയതുമൊക്കെ തിരിച്ചടിയായി. ഇപ്പോൾ മഴക്കാലം തുടങ്ങുന്നതിന്റെ ഏതാനും ദിവസം മുൻപ് അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കും. കഴിഞ്ഞ വർഷം 25 ലക്ഷം രൂപ ചെലവിൽ പണി നടത്തിയെങ്കിലും ആദ്യത്തെ മഴയിൽ തന്നെ ഒലിച്ചു പോയി. ഇത്തവണ 65 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ അറ്റകുറ്റപണി എന്ന പേരിൽ കണ്ണിൽ പൊടിയിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. അറ്റകുറ്റപ്പണിയുടെ മറവിൽ വൻതുക അടിച്ചു മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നവീകരണത്തിന് പുതിയ ടെൻഡർ വിളിച്ച ശേഷം പണി തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം.