കേരളം
ശ്രദ്ധ സതീഷിൻറെ ആത്മഹത്യ: സാങ്കേതിക സർവകലാശാല അന്വേഷണം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാങ്കേതിക സർവകലാശാലയുടെ രണ്ടംഗ കമ്മിഷൻ കോളജ് സന്ദർശിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവർ അടങ്ങിയ കമ്മീഷൻ കോളേജ് അധ്യാപകരുടെയും വകുപ്പ് മേധാവികളുടെയും ഹോസ്റ്റൽ അധികൃതരുടെയും മൊഴിയെടുത്തു. കമ്മീഷന്റെ സമഗ്രമായ റിപ്പോര്ട്ട് വൈസ് ചാൻസലർക്ക് വൈകാതെ സമർപ്പിക്കും.
വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ശക്തിപ്പെടുത്താനും സർവകലാശല നിയമപ്രകാരമുള്ള കോളേജ് യൂണിയൻ രൂപീകരിക്കാനുമുള്ള നിർദ്ദേശങ്ങൾ കോളേജിന് നൽകുമെന്ന് കമ്മീഷൻ അംഗം പ്രൊഫ. സഞ്ജീവ് പറഞ്ഞു.അതിനിടെ ശ്രദ്ധ സതീഷനിന്റെ മരണത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മിഷന് ലഭിച്ചിരുന്നു.
ശ്രദ്ധയുടെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. സമരം തത്കാലം നിര്‍ത്തിയതായി വിദ്യാര്‍ഥികളുൂം വ്യക്തമാക്കി. എന്നാല്‍ ഇതില്‍ പൂര്‍ണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.