കേരളം
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ മാനേജ്‌മെന്റിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു
വിദ്യാര്‍ത്ഥിനി ശ്രദ്ധ ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ മാനേജ്‌മെന്റിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കോളജ് അധ്യാപകര്‍ അസഭ്യം പറഞ്ഞെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അസഭ്യം പറഞ്ഞെന്ന ആരോപണം അധ്യാപകര്‍ പൂര്‍ണമായും നിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോപണം മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളായി ഉന്നയിച്ചപ്പോള്‍ അവരെ അധ്യാപകര്‍ തള്ളിമാറ്റുകയും തട്ടിക്കയറുകയും ചെയ്യുന്ന സ്ഥിതിയുമുണ്ടായി.
വിദ്യാര്‍ത്ഥികളെ അസഭ്യം പറഞ്ഞതല്ലെന്നും ഞങ്ങള്‍ പറഞ്ഞാല്‍ പൊലീസ് തല്ലുമോ എന്നാണ് ചോദിച്ചതെന്നുമാണ് അധ്യാപകര്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ കോളജില്‍ ഇന്ന് വീണ്ടും പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘം വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നാണ് പരാതി.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. അതേ സമയം, കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കും.