Uncategorized
സൗജന്യ ഇന്റർനെറ്റുമായി കെ ഫോൺ എത്തി; ഉദ്ഘാടനം ഇന്ന്
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) ഇന്ന് മുതൽ പ്രവൃത്തിപഥത്തിൽ. ഇന്ന് വൈകിട്ട് നാല് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോൺ പദ്ധതി നാടിന് സമർപ്പിക്കും. കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.
എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെ-ഫോൺ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി നിലവിൽ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു.
സ്‌കൂളുകൾ, ആശുപത്രികൾ, ഓഫിസുകൾ തുടങ്ങി 30,000ത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും കെ-ഫോൺ വഴി ഇന്റർനെറ്റ് എത്തും. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. 1500 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണു കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), കെഎസ്ഇബി എന്നിവർ ചേർന്നു കെ-ഫോൺ പദ്ധതി യാഥാർഥ്യമാക്കിയത്.
ഉദ്ഘാടനത്തിനു ശേഷം കെ-ഫോൺ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. മൂന്നു മാസത്തിനകം വാണിജ്യ കണക്‌ഷനുകളിലേക്കു കടക്കുമെന്നു കെ-ഫോൺ എം ഡി ഡോ. സന്തോഷ്ബാബു പറഞ്ഞു. ബിഎസ്എൻഎല്ലിന്റെ സ്പെക്ട്രം ഉപയോഗപ്പെടുത്തി 5 ജി സേവനം ലഭ്യമാക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. തുടക്കത്തിൽ ടെക്നോപാർക്ക്, സ്റ്റാർട് അപ് മിഷൻ എന്നിവിടങ്ങളിൽ പ്രോജക്ട് നടപ്പിലാക്കാനാണ് തീരുമാനം. പിന്നാലെ ഇത് വീടുകളിലേക്ക് നൽകാനും പദ്ധതിയുണ്ട്.