കേരളം
മുഹമ്മദ് റിയാസിന്റെ ‘മന്ത്രിമാരുടെ പ്രതിച്ഛായ’ പരാമർശം, സിപിഎമ്മിൽ ചർച്ചയാകുന്നു
മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം സിപിഎമ്മിൽ ചർച്ചയാകുന്നു. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.
രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്.
നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം.