കേരളം
എംസി റോഡിൽ ടാങ്കർ മറിഞ്ഞ് അപകടം; ഏഴ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
കൊല്ലം കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കൽ വഞ്ചിപ്പെട്ടി ജംഗ്ഷനിൽ ടാങ്കർ ലോറി കാറിലിടിച്ച് മറിഞ്ഞു. കാർ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്‌സും പോലീസും ചേർന്ന് അപകടത്തിൽ പെട്ട ടാങ്കർ നീക്കം ചെയ്തു.
ശനിയാഴ്ച രാത്രി 9.30 നാണ് അപകടം നടന്നത്. കൊട്ടാരക്കര ഭാഗത്ത് നിന്നും ആയൂർ ഭാഗത്തേക്ക് ഇന്ധനവുമായി വന്ന ടാങ്കർ ലോറി എതിർദിശയിൽ വന്ന കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇന്ധന ടാങ്ക് ലീക്കാകുകയും എണ്ണ റോഡിലേക്ക് ഒഴുകുകയും ചെയ്തു. ഫയർ ഫോഴ്‌സും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതരും ചേർന്ന് ടാങ്കറിലെ പെട്രോൾ മറ്റൊരു ടാങ്കറിലേക്ക് സുരക്ഷിതമായി മാറ്റി. മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ച് വിടുകയുമായിരുന്നു.
കൊട്ടാരക്കര, അഞ്ചൽ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്നിശമനസേന യൂണിറ്റും കൊട്ടാരക്കര, ചടയമംഗലം, അഞ്ചൽ പൊലീസും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പുലർച്ചെ നാല് മണിയോടെയാണ് എം.സി റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന വയയ്ക്കൽ സ്വദേശി ആദം അയൂബിനെ പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.