കേരളം
ടിക്കറ്റെടുക്കാൻ ചില്ലറ ചോദിച്ച യാത്രക്കാരനെ തല്ലിച്ചതച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
ടിക്കറ്റടുക്കാനായി ചില്ലറ ആവശ്യപ്പെട്ട വയോധികനെ മർദിച്ച സംഭവത്തിൽ മാവേലിക്കര കെ എസ് ആർ ടിസി ഡിപ്പോയിലെ ജീവനക്കാരൻ എം. അനീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവൻ രാധാകൃഷ്ണൻ നായരെയാണ് അനീഷ് 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചതിൽ പ്രകോപിതനായി മർദ്ദിച്ചത്. സംഭവത്തിൽ രാധാകൃഷ്ണൻ കെഎസ്ആർടിസി എംഡിക്കു പരാതി നൽകിയിരുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജിയാണു സസ്പെൻഷൻ ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം 24-ാം തീയതി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു രാധാകൃഷ്ണൻ. അവിടെ നിന്നും പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ ഇയാളുടെ കൈവശം ചില്ലറയുണ്ടായിരുന്നില്ല. 13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാർജ്ജ്. ബസ്സിൽ കയറിയാൽ ചില്ലറ ഇല്ലാത്തത് ബുദ്ധിമുട്ടാവുമെന്ന് കരുതി രാധാകൃഷ്ണൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി ചില്ലറ ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
2000 രൂപയ്ക്ക് ചില്ലറ തരാൻ പറ്റില്ലെന്നും ഈ നോട്ട് ഇപ്പോള്‍ എടുക്കില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. നോട്ട് നിരോധിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ അടുത്തുണ്ടായിരുന്ന ബസ് കണ്ടക്ടറും ഡ്രൈവറും പ്രകോപികതരായി രാധാകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിന് പുറമെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ട് പ്രതികള്‍ വലിച്ച് കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്റെ കൈക്ക് പൊട്ടലുണ്ട്. സ്റ്റേഷൻമാസ്റ്റർ കാര്യം പറയുക മാത്രമാണ് ചെയ്തത്, എന്നാൽ അടുത്തുണ്ടായിരുന്ന ഡ്രൈവർ അനീഷും ഒരു കണ്ടക്ടറും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മാവേലിക്കര പൊലീസും കേസെടുത്തിട്ടുണ്ട്.