കേരളം
മദ്യപിച്ച് കട അടിച്ചു തകർത്ത സംഭവം, പ്രതി പിടിയിൽ; പൊലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലും പരാക്രമം
ആലുവയിൽ മദ്യപിച്ച് കട അടിച്ചു തകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. ആലുവ സ്വദേശി ഫൈസൽ ആണ് പിടിയിലായത്. പോലീസ് പിടികൂടാൻ എത്തിയപ്പോൾ ഇയാൾ നായയെ അഴിച്ചുവിട്ടു. വൈദ്യ പരിശോധനയ്ക്ക് ആലുവ ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി പരാക്രമം കാട്ടി. വനിത ഡോക്ടർക്ക് മുന്നിൽ കൈവിലങ്ങ് അഴിക്കണമെന്ന് നിർബന്ധം പിടിച്ചു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും കേസെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കയ്യിൽ ഇരുമ്പ് വടിയും കുപ്പിയിൽ മണ്ണെണ്ണയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാളുടെ അതിക്രമം. റെയിൽവെ സ്റ്റേഷന് മുന്നിലെ റോബിൻ എന്നയാളുടെ കടയാണ് അക്രമി തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർത്തു.
തടയാനെത്തിയവരേയും ഇയാൾ ഇരുമ്പ് വടി വീശി ഭയപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. നേരത്തെ റെയിൽവെ സ്റ്റഷനിലെത്തിയ യാത്രക്കാർക്ക് നേരെ ഇയാൾ പലവട്ടം മോശമായി പെരുമാറിയിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു.