കേരളം
വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനങ്ങളാകും; സ്‌കൂളുകള്‍ നാളെ തുറക്കും
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങളുണ്ടാകും.
ലളിതമായി വ്യത്യസ്തരീതിയില്‍ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.
ഇതനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായിരിക്കും. തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാര്‍ശ ചെയ്തിട്ടുള്ളത്.
വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന ക്യുഐപി യോഗമാണ് ഈ ശുപാര്‍ശ നല്‍കിയത്. ഇതനുസരിച്ച് തുടര്‍ച്ചയായ ആറു ദിവസം പ്രവൃത്തിദിനമാകില്ല. വ്യാഴാഴ്ച നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യയന ദിനങ്ങള്‍ അടക്കം വ്യക്തമാക്കിയുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.