കേരളം
കാട്ടുപോത്ത് ആക്രമണം മരണം മൂന്നായി; വെടിവെച്ച് കൊല്ലാൻ ഉത്തരവ്
എരുമേലിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടി വയ്ക്കുവാൻ തീരുമാനം. മന്ത്രി വി എൻ. വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടറാണ് ഉത്തരവിട്ടത്. വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ സമരം തുടരുകയാണ്.
സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തോമസ് ചികിത്സയിലായിരുന്നു.
കൊല്ലം ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബർ വെട്ടുന്ന ആളെ കാണാൻ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വർഗീസിനെ കുത്തുകയായിയുന്നു. വർഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വർഗീസ് ഗൾഫിൽ നിന്നെത്തിയത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട എരുമേലിയിൽ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. അതേസമയം ചാലക്കുടിയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ചാലക്കുടി മേലൂർ ജനവാസ മേഖലയിലാണ് കാട്ടുപോത്തിറങ്ങിയത്. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി.
കാട്ടുപോത്തിനെ മയക്കു വെടി വച്ച് പിടിക്കണമെന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക അകറ്റണം എന്നും എംഎൽഎ പറഞ്ഞു. ഇതിനിടചെ കാട്ടുപോത്തിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് വനം വകുപ്പ്. കാട്ടിലേക്ക് തുരത്തുകയാണ് ആദ്യ നടപടി എന്ന് അതിരപ്പിള്ളി റേഞ്ച് ഓഫീസർ നിഥിൻ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
അതേസമയം തൃശൂരിൽ ചേലക്കര പൈങ്കുളത്ത് സ്കൂട്ടർ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ ഇടിച്ച് ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങൾക്കാണ് കാട്ടുപന്നിയുടെ ആക്രമണമേറ്റത്. പാഞ്ഞാൾ കാരപ്പറമ്പിൽ വീട്ടിൽ രാധ (33), പൈങ്കുളം കരിയാർകോട് വീട്ടിൽ രാകേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
മലപ്പുറം നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.