കേരളം
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന്റെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിൻസിപ്പൽ കേരള സർവ്വകലാശാലയെ അറിയിച്ചു. തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വെക്കുക ആണ് ഉണ്ടായതെന്ന് പ്രിൻസിപ്പൽ ജി ജെ ഷൈജു പറഞ്ഞു. സർവ്വകലാശാലക്ക് അയച്ച പേരിൽ പിശക് പറ്റി തിരുത്തി അയച്ചു എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
തെരെഞ്ഞെടുപ്പ് രേഖകളുമായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സിപിഐഎം അന്വേഷണം ആരംഭിച്ചിരുന്നു. പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനെ ചുതലപ്പെടുത്തി. യുയുസി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയെടുത്തു.
നേതൃത്വങ്ങളുടെ അറിവോടെയാണ് വിശാഖിനെ തിരുകികയറ്റിയതെന്ന് ആരോപണം ഉണ്ടായിരുന്നു. തീരുമാനം വിവാദമായതിന് പിന്നാലെ കത്ത് പിൻവലിച്ച് പ്രിൻസിപ്പൽ ഇ–മെയിൽ അയച്ചിരുന്നു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാർഥി നേതാവായ എ. വിശാഖിനെ ഉൾപ്പെടുത്തിയ നടപടിയാണ് തിരുത്തിയത്.
വിശാഖിന്റെ പേര് പിൻവലിച്ച് കോളജ് പ്രിൻസിപ്പൽ ഡോക്ടർ ഷൈജു സർവകലാശാല റജിസ്ട്രിക്ക് ഇ–മെയിൽ അയച്ചു. മൽസരിക്കുകയേ ചെയ്യാത്ത വിദ്യാർഥിയെ സർവകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തിൽ കേരള സർവകലാശാല പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
അതേസമയം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എട്ട് സർവകലാശാലകളിൽ വിസിമാരില്ലെന്ന് വിഡി സതീശൻ പറഞ്ഞു.ഇഷ്ടക്കാർക്ക് ചാർജ്ജ് കൊടുത്ത ഇൻചാർജ് ഭരണമാണ് നടക്കുന്നത്. സേർച്ച് കം സെലക്ഷൻ കമ്മിറ്റി പ്രതിസന്ധിയിലാണ്. സർക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായി. 66 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല. പി എസ് സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. സിപിഎമ്മിന്റെ ഇഷ്ടക്കാർ ലിസ്റ്റിലില്ലാത്തതാണ് കാരണം. വിദ്യാർത്ഥികൾ കൂട്ടത്തോടെ നാടുവിടുന്നു.
കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം വിചിത്രസംഭവമെന്നും വിഡി സതീശൻ പ്രതികരിച്ചു. കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പൽ ഇത് ചെയ്തതെന്ന് ചോദിച്ച സതീശൻ എസ്എഫ്ഐ നേതൃത്വം ക്രിമിനലുകളുടെ കയ്യിലെന്നും പറഞ്ഞു. സിപിഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കാട്ടാക്കട പ്രിൻസിപ്പലിനെയും സമ്മർദ്ദം ചെലുത്തിയവരേയും എല്ലാം ഉൾപ്പെടുത്തി അന്വേഷണം വേണം, ക്രിമിനൽ കുറ്റം ആണ്.
കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചവെന്ന് ദൃശ്യങ്ങൾ സഹിതം വിഡി ആരോപിച്ചു. റോഡിലെ ക്യാമറ പ്രതിപക്ഷം ഇനി നിയമവഴിക്ക് നീങ്ങും. കള്ള കമ്പനികളെ മുൻ നിർത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാൻ നോക്കുന്നു. ഇനിയും അഴിമതി കഥകളുണ്ട്. എല്ലാം പുറത്ത് വന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. യുഡിഎഫ് വിപുലീകരണത്തിന് തീരുമാനം ഉണ്ട്. ഒരു പാർട്ടിയുമായും കൂടിയാലോചന നടത്തിയിട്ടില്ല. രാഷ്ട്രീയ ചർച്ചകൾക്ക് ഇനിയും സമയം ഉണ്ട്. കേരള കോൺഗ്രസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.