കേരളം
നിറകണ്ണോടെ വന്ദനയുടെ വീട്ടിൽ മന്ത്രി വീണ ജോർജ്
അതിദാരുണമായി കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ വീട്ടിൽ കരച്ചിലടക്കാൻ പാടുപെട്ട് ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ്. വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മുന്നറിയിപ്പില്ലാതെയെത്തിയ മന്ത്രി, മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
മുട്ടുചിറയിലെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് വന്ദനയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ നടക്കുന്ന പൊതു ദർശനത്തില്‍ സമൂഹത്തിന്‍റെ നാനാഭാഗത്ത് നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചത്.
അതേസമയം ഇന്നലെ ഡോക്ടർ വന്ദനദാസിന്റെ ചിത്രം ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചറാക്കി ആരോഗ്യന്ത്രി വീണാ ജോർജ്. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പ്രൊഫൈൽ പിക്ചറായി വന്ദനയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ മന്തിയുടെ പ്രൊഫൈൽ പിക്ചർ മാറ്റത്തിന് താഴെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
മന്ത്രി വീണാ ജോർജിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും. മരിച്ചയാളെ കുറിച്ച് മന്ത്രി നെഗറ്റീവ് കമന്റ് പറയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ഡോ. സുൾഫി നൂഹ് പറഞ്ഞു. ഡോക്ടർ മരിച്ച വിവരം മന്ത്രിയെ വിളിച്ചറിയിച്ചപ്പോൾ അവർ അക്ഷരാർഥത്തിൽ കരയുകയായിരുന്നു. അതിനാൽ തന്നെ മന്ത്രി അങ്ങനെ പറയില്ല. അവരുടെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഡോ. സുൾഫി നൂഹ് പറഞ്ഞു.