കേരളം
പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്പ്രസ്; ഉച്ചയോടെ കണ്ണൂരിൽ
വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന് തുടക്കം. തിരുവനന്തപുരം സെൻട്രലിൽ നിന്ന് 5.10നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കാണ് ട്രയൽ റൺ നടത്തുക. 5.10ന് ആരംഭിച്ച ട്രെയിൻ ആറ് മണിക്ക് കൊല്ലത്ത് എത്തി. 50 മിനിറ്റുകൊണ്ടാണ് കൊല്ലത്ത് എത്തിയത്.
ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. 2.30-നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും. അവിടെനിന്ന് ക്രൂ മാറും.
അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
പൂർണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമുണ്ടാകില്ല എന്നതൊക്കെയാണ് വന്ദേഭാരതിന്റെ പ്രത്യേകത. എൽഇഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഡോറുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയുൾപ്പെട്ടതാണ് വന്ദേഭാരത്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നാണ് വിലയിരുത്തൽ.
രാവിലെ അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെട്ടില്ലെങ്കിൽ വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടേണ്ടി വരും. അതിനാൽ വന്ദേഭാരത് അതിരാവിലെ പുറപ്പെട്ട് രാത്രിയോടു കൂടി തലസ്ഥാനത്തെത്തുന്ന രീതിയിൽ ഓടിക്കേണ്ടതായി വരുമെന്നാണ് വിവരം. മുമ്പ് എട്ട് കോച്ചുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളത്തിന് ലഭിച്ചിരിക്കുന്നത് 16 കോച്ചുകളുളള ട്രെയിനാണ്.