കേരളം
ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ; വിഷു കൈനീട്ടവുമായി സംസ്ഥാന സർക്കാർ
കേരളത്തിൽ വരും ദിവസങ്ങളിൽ 7,050 ബിപിഎൽ കുടുംബങ്ങൾക്ക് വിഷുകൈനീട്ടമായി സൗജന്യ ഇന്റർനെറ്റ് കണക്ഷൻ. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സന്തോഷ് ബാബുവാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യ ഇന്റർനെറ്റ് കണക്ഷന് അർഹരായ 9,588 കുടുംബങ്ങളുടെ പട്ടിക ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
1,550 കോടി രൂപയുടെ പദ്ധതിയാണിത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 7,050 വീടുകളിൽ തങ്ങൾ ഇതിനായുളള മോഡം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെഫോൺ ആണ് 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ ലക്ഷ്യമിടുന്നത്. 2019-ൽ ഇടതുപക്ഷ സർക്കാർ ഇന്റർനെറ്റ് ജനങ്ങളുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചിരുന്നു.
‘നാല് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിൽ നിന്നും അർഹരായ ബിപിഎൽ കുടുംബങ്ങളുടെ പട്ടിക കെഎസ്ഐടിഎല്ലിന് ലഭിച്ചിട്ടുണ്ട്. ‘വിഷുകൈനീട്ടം’ എന്ന പേരിൽ വീടുകളിൽ മോഡം വിതരണം ആരംഭിക്കാൻ മുഖ്യമന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയൊരു നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ വഴി വിതരണം ചെയ്യേണ്ടതിനാൽ കണക്റ്റിവിറ്റി പ്രക്രിയയ്ക്ക് സമയമെടുക്കും,’ സന്തോഷ് ബാബു പറഞ്ഞു.
കൂടാതെ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്ന 26,592 സർക്കാർ ഓഫീസുകളിലും കെഫോൺ ഫൈബർ എത്തിയിട്ടുണ്ട്. ഇതിൽ 18,700 സ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഞങ്ങൾ തയ്യാറാണെന്ന് കെഎസ്ഐടിഎൽ എംഡി പറഞ്ഞു.