കേരളം
സഞ്ചാരികളുടെ പറുദീസ; മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ടൂറിസം ഫെസ്റ്റ്
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കാന്തല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള പഞ്ചായത്ത് വാർത്ത ചാനലും ഹോം സ്റ്റേ ആൻഡ് റിസോർട്ട് അസോസിയേഷന്റെയും ഡ്രൈവേഴ്സ് യൂണിയന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 14 മുതൽ 29 വരെ കാന്തല്ലൂരിൽ സഞ്ചാരികൾക്കായി ഈ മേള നടത്തപ്പെടുന്നത്. മറയൂർ, ചിന്നാർ, മൂന്നാർ മേഖലകളിൽനിന്ന് പ്രത്യേക ടൂർ പാക്കേജ് ഈ മേളയുടെ പ്രത്യേകതയാണ്.
52 ടൂറിസം കേന്ദ്രങ്ങൾ, ശിലായുഗ കാഴ്ചകൾ, മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ, ഭൗമ സൂചിക പദവി നേടിയ മറയൂർ ശർക്കര, കാന്തല്ലൂർ, വട്ടവട വെളുത്തുള്ളി, ശിതകാല പച്ചക്കറി പാടങ്ങൾ, ആപ്പിൾ, സ്ട്രോബറി, റാഗി, സ്പൈസസ്, തേൻ ഉത്പന്നങ്ങൾ എന്നിവ വാങ്ങുന്നതിനും തോട്ടങ്ങൾ സന്ദർശിക്കുന്നതിനും അവസരമുണ്ട്.
സഞ്ചാരികൾക്ക് താമസിക്കുവാൻ വ്യത്യസ്തമായ കോട്ടേജുകൾ, വുഡ് ഹൗസ്, മഡ് ഹൗസ്, ട്രീ ഹൗസ്, ഹോം സ്റ്റേ എന്നിവ മിതമായ നിരക്കിൽ ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ചന്ദനക്കാടുകളിലൂടെയുള്ള യാത്ര. ഓഫ് റോഡ് സവാരി, നൈറ്റ് സവാരി, മോണിങ് സവാരി, ക്യാമ്പ് ഫയർ, ട്രൈബൽ ഡാൻസ് എന്നിവയും ഉണ്ടാകും. കൂടാതെ കാർണിവൽ, അമ്യൂസ്ഡമെന്റ് പാർക്ക്, ചലചിത്ര താരങ്ങളുടെ മെഗാഷോ, ഫ്ലവർ ഷോ തുടങ്ങിയവയും ഒരുക്കുന്നു.
മന്ത്രിമാർ, സിനിമ താരങ്ങൾ തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. ഏപ്രിൽ 25-ന് കാന്തല്ലൂർ വില്ല്. അന്ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വിളക്കുകൾ തെളിയും. ആദ്യമായിട്ടാണ് കാന്തല്ലൂരിൽ ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ കമ്മിറ്റികളുടെ രൂപവത്കരണം കാന്തല്ലൂർ പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി.മോഹൻദാസ്, ജനപ്രതിനിധികൾ, ഹോം സ്റ്റേ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അതോടൊപ്പം കാന്തല്ലൂരിൽ വേനൽപ്പഴങ്ങളുടെ കാലം… പീച്ച് പഴങ്ങൾ പാകമായി, വേനൽക്കാലത്ത് ആരംഭിക്കുന്ന കാന്തല്ലൂരിലെ പഴങ്ങളുടെ സീസൺ ഡിസംബർ വരെയാണ്. ജനുവരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കൾകൊണ്ട് നിറയുന്ന പീച്ച് മരങ്ങൾ ഏപ്രിലിലാണ് പഴുക്കുന്നത്. പച്ചയും ചുവപ്പും കലർന്ന നിറത്തിലുള്ള പീച്ച് പഴങ്ങൾ മരങ്ങളിൽ ഇലകൾക്ക് സമാന രീതിയിൽ നിറഞ്ഞുനിൽക്കുന്നത് ആകർഷകമാണ്. കാന്തല്ലൂർ, ഗൃഹനാഥപുരം, കുളച്ചിവയൽ, പെരടിപള്ളം എന്നിവിടങ്ങളിലാണ് വ്യാപകമായി പീച്ച് പഴങ്ങൾ പാകമായത്. പീച്ചിന്റെ വിവിധയിനങ്ങൾ കാന്തല്ലൂരിലെ തോട്ടങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് അംഗമായ പി ടി തങ്കച്ചന്റെ പഴത്തോട്ടത്തിൽ മാംഗോ പീച്ച്, ആപ്പിൾ പീച്ച് എന്നിവ ഉൾപ്പെടെ അമ്പതിലധികം മരങ്ങളുണ്ട്.
പീച്ചിന്റെ സമൃദ്ധിക്കൊപ്പം മേയ്, ജൂൺ കാലയളവിൽ പ്ലമ്മും ബ്ലാക്‌ബറി പഴങ്ങളുടെ കാലമാണ്. ജൂലൈ മുതൽ ആഗസ്‌ത് അവസാനംവരെ ആപ്പിൾ പഴക്കാലമാണ്. പിന്നീട് ശൈത്യകാലത്ത് ഓറഞ്ചിന്റെയും പാഷൻ ഫ്രൂട്ടും ഡിസംബർ അവസാനംവരെ മാധുര്യം പകരും.