കേരളം
കിണറ്റിൽ വീണ അനുജനെ രക്ഷപ്പെടുത്തി എട്ടു വയസ്സുകാരി
കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി എട്ടു വയസ്സുകാരി. പൈപ്പിലൂടെ ഇറങ്ങിയാണ് എട്ടു വയസ്സുകാരി തന്റെ കുഞ്ഞനുജനെ രക്ഷപ്പെടുത്തിയത്. മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ താമസിക്കുന്ന ദിയ ഫാത്തിമയാണ് അനുജനെ രക്ഷിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
കുട്ടികളുടെ അമ്മ ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും അയയിൽ നിന്നു വസ്ത്രങ്ങൾ എടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ കണ്ണ് വെട്ടിച്ച് ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി കിണറിനു മുകളിലേക്ക് കയറിയത്. തുടർന്ന് തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. 20 അടിയിലേറെ താഴ്ചയുണ്ട് കിണറിന്. ശബ്ദം കേട്ട ഉടൻ തന്നെ സഹോദരി ദിയ ഓടിയെത്തി. കിണറ്റിനടിയിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെയാണ് ദിയ കണ്ടത്.
കൃത്യ സമയത്തെ ദിയയുടെ ഇടപ്പെടൽ മൂലം അനുജൻ രക്ഷപ്പെടുകയായിരുന്നു. കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഇറങ്ങി ഇവാനെ ദിയ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടു കുട്ടികളെയും കിണറ്റിൽ നിന്നും പുറത്തേക്കെത്തിച്ചു. ഇവാന്റെ തലയിൽ ചെറിയ മുറിവേറ്റിട്ടുണ്ട്.
തുടർന്ന് ഇവാനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞ് ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ദിയയ്ക്ക് പരുക്കേറ്റിട്ടില്ല. മാവേലിക്കര വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദിയ.