കേരളം
80 ലക്ഷത്തിന്റെ ലോട്ടറിയടിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ലോട്ടറിയടിച്ചതിന് പിന്നാലെ നടത്തിയ മദ്യ സൽക്കാരം യുവാവിന്റെ ദുരൂഹ മരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറിയടിച്ച പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലായിരുന്നു മദ്യ സൽക്കാരം. അതിനിടെയുണ്ടായ തർക്കത്തിൽ സജീവിന് വീണു പരിക്കേറ്റു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സജീവ് ഇന്നലെ വൈകീട്ടോടെ മരിച്ചു.
വീടിന്റെ മൺ തിട്ടയിൽ നിന്നു ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കാണ് സജീവ് വീണത്. പിന്നാലെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. പിന്നാലെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി.
മരിച്ച സജീവിന്റെ സുഹൃത്ത് സന്തോഷ് കസ്റ്റഡിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്നായിരുന്നു ബന്ധുവിന്റെ മൊഴി. മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ മൺതിട്ടയിൽ നിന്ന് വീണാണ് സജീവ് മരിച്ചത്. മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ അറിയൂവെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന ആളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മായാവി എന്ന് വിളിക്കുന്ന സന്തോഷാണ് കസ്റ്റഡിയിലായിരിക്കുന്നത്. സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയതും പിന്നീട് വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയും സജീവ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് വീഴുകയും അവിടെ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്തത്. പിന്നീട് മെഡിക്കൽ കോളേജിൽസ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോട് കൂടി മരണം സ്ഥിരീകരിക്കുകയും ചെയ്തത്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ കഴിഞ്ഞ മാസമാണ് ഇയാൾക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ദിവസം ഈ തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ദുരൂഹ മരണം. ഒന്നാം തീയതി രാത്രി ഒൻപതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ വച്ചായിരുന്നു മദ്യ സൽക്കാരം.