കേരളം
പ്രമുഖ നാടകപ്രവർത്തകനും സംവിധായകനും നടനുമായ വിക്രമൻ നായർ അന്തരിച്ചു
പ്രമുഖ നാടകപ്രവർത്തകനും സംവിധായകനും നടനുമായ വിക്രമൻ നായർ (77) അന്തരിച്ചു. കുണ്ടൂപ്പറമ്പ് ഗവ. ഹൈസ്കൂളിനുസമീപം ‘കൃഷ്ണ’ വീട്ടിൽ തിങ്കൾ രാത്രി എട്ടോടെയായിരുന്നു അന്ത്യം. പുതുതായി ആരംഭിക്കുന്ന സീരിയലിൽ അഭിനയിക്കുന്നതിന് തിരുവനന്തപുരത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം മേയ്ത്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചൊവ്വാഴ്ച പകൽ മൂന്നിന് വീട്ടിലെത്തിക്കും. ബുധനാഴ്ചയാണ് സംസ്കാരം.
പ്രമുഖ നാടക പ്രവർത്തകരായ കെ ടി മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചു. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. കോഴിക്കോട്ടെ സംഗമം തിയറ്റേഴ്സിൽ അടക്കം നിരവധി നാടകട്രൂപ്പുകളുമായി സഹകരിച്ച വിക്രമൻ നായർ പിന്നീട് സിനിമ, സീരിയൽ മേഖലയിലേക്കും ചുവടുവച്ചു. 1982ൽ സ്റ്റേജ് ഇന്ത്യ എന്ന നാടകസമിതി തുടങ്ങി.
മുഖത്തെ തൊലിയെല്ലാം ചുളിഞ്ഞ്, വിറച്ചുവിറച്ചു നടക്കുന്ന, ഒരുപാട് ബുദ്ധിമുട്ടി സംസാരിക്കുന്ന കെ ടി മുഹമ്മദിന്റെ സാക്ഷാത്കാരത്തിലെ 144കാരനായ നായകനെ അരങ്ങിൽ കണ്ടവർക്കാർക്കും ഒരിക്കലും വിസ്മരിക്കാനാവില്ല. മലയാള നാടകവേദി അന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ള കഥാപാത്രം അരങ്ങിൽ ജീവിക്കുകയായിരുന്നു. വിക്രമൻ നായർ അവതരിപ്പിച്ച ഈ വൃദ്ധൻ കേരളത്തിലങ്ങോളമിങ്ങോളം വേദികൾ കയറിയിറങ്ങി. മറ്റു നടന്മാർ മാറിമാറി വന്നിട്ടും വിക്രമൻ നായരുടെ വേഷത്തിനുമാത്രം പകരക്കാരനെ കണ്ടെത്താനായില്ല. അരങ്ങിലെ മഹാവിസ്മയം ലോക നാടകദിനത്തിൽതന്നെ ജീവിതത്തിൽനിന്ന് അരങ്ങൊഴിഞ്ഞതും യാദൃച്ഛികമാവാം.
ഘനഗംഭീരമായ ശബ്ദത്തിൽ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ മഹാനടൻ അരങ്ങിൽ ഉജ്വലമാക്കിയത്. കോഴിക്കോൻ നാടകവേദിയുടെ ശക്തിസൗന്ദര്യമായ സംഗമം തിയറ്റേഴ്സിന്റെ പ്രധാന വേഷക്കാരനായിരുന്നു വിക്രമൻ നായർ. വിത്സൻ സാമുവൽ ആരംഭിച്ച സംഗമത്തിൽ കെ ടി മുഹമ്മദിന്റെ രചനയിൽ പിറന്ന നിരവധി നാടകങ്ങളിൽ അദ്ദേഹം നിറഞ്ഞാടി. സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സന്നാഹം, സനാതനം തുടങ്ങിയ നാടകങ്ങളിലെ വേഷപ്പകർച്ച വിക്രമൻ നായരെന്ന നടനെ, മലയാളക്കര നെഞ്ചേറ്റി. മാസങ്ങൾക്കുമുമ്പ് വടകര ടൗൺ ഹാളിൽ നടന്ന സംഗീതനാടക അക്കാദമി നാടകോത്സവത്തിൽ വിക്രമൻ നായർ പങ്കെടുത്തിരുന്നു. കാണികളുടെ അഭ്യർഥന മാനിച്ച് സാക്ഷാത്കാരത്തിലെ ചില സംഭാഷണങ്ങൾ ഒട്ടും മങ്ങലേൽക്കാതെ അവതരിപ്പിച്ചപ്പോൾ ഉയർന്നത് നിറഞ്ഞ കരഘോഷം.
16-ാം വയസ്സിൽ കോഴിക്കോട്ടെ കലാസമിതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ത്രിവിക്രമൻ നായർ പിന്നീട് വിക്രമൻ നായർ എന്നപേരിൽ നടനും സംവിധായകനും സംഘാടകനുമായി പ്രശസ്തനായി. പതിനാറാം വയസ്സിൽ അമച്വർ നാടകരംഗത്തെത്തിയ വിക്രമൻ നായരുടെ മനസ്സിൽ മരണംവരെ നാടകമായിരുന്നു.
കെ ടിയുടെ എക്സ്പെരിമെന്റൽ തിയറ്റേഴ്സ് അവതരിപ്പിച്ച “ഇതു ഭൂമിയാണ്’ നാടകത്തിൽ വിക്രമൻ നായർക്ക് ഒരു റോൾ കിട്ടി. അദ്ദേഹവുമായി പിന്നീടുണ്ടായ ചിരപരിചയത്തിന്റെ തുടക്കമായി അത്. കെ ടിയും മറ്റും മുൻകൈയെടുത്ത് തുടങ്ങിയ സംഗമത്തിലും അദ്ദേഹമെത്തി. ‘ആന്റൺ ചെക്കോവിന്റെ കരടി’, “പ്രപ്പോസൽ’ തുടങ്ങിയ നാടകങ്ങൾ എം ടി വാസുദേവൻ നായർ സംവിധാനംചെയ്തപ്പോൾ അവയിൽ അഭിനയിച്ചു. എം ടിയുടെ “ഗോപുരനട’യിലെ പ്രധാന കഥാപാത്രമായ നരനും വിക്രമൻ നായരുടെ കൈയിൽ ഭദ്രമായി.